Last Updated on 13 Sep 2026 • 6:19 AM by Openzone Online

ചെറുതോണി: പാണ്ടിപ്പാറയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക ദമ്പതികളെ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നയാൾ ക്രൂരമായി ആക്രമിച്ചു. ഇന്ന് പുലർച്ചെ ആറോടെയാണ് സംഭവം.
ആക്രമണത്തിൽ കാത്തിരക്കാട്ട് മാത്യു ജോസഫ് (72), ഭാര്യ അന്നമ്മ (70) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന് പിന്നിൽ പതിയിരുന്ന അക്രമി, മാത്യു ജോസഫ് വാതിൽ തുറന്നയുടൻ വീട്ടിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടർന്ന് തൂമ്പ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച ഇയാൾ മാത്യുവിന്റെ ഇരുകാലുകളിലും പിടിച്ച് നിലത്തേക്ക് വലിച്ചുവീഴ്ത്തി. വീഴ്ചയിൽ മാത്യുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഭർത്താവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച അന്നമ്മയെയും അക്രമി വെറുതെവിട്ടില്ല. ഇവരെ നിലത്തേക്ക് തള്ളിയിട്ട് മർദിക്കുകയായിരുന്നു.
മർദനത്തിൽ അന്നമ്മയുടെ കൈയ്ക്കും പരിക്കേറ്റു. അന്നമ്മ അർബുദ രോഗത്തിന് ചികിത്സയിൽ കഴിയുന്നയാളാണ്.ദമ്പതികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് തങ്കമണി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധിക ദമ്പതികളെ ലക്ഷ്യമിട്ടാണോ ആക്രമണമുണ്ടായതെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

