OpenZone Banner

Last Updated on 30 Jul 2026 • 2:14 AM by Openzone Online

Advertisement

ഇടുക്കി: ചെറിയ ചാറ്റൽമഴ പെയ്താൽ പോലും വൈദ്യുതി മുടങ്ങുന്ന സാഹചര്യം മലയോര മേഖലയിൽ പതിവാകുന്നതായി വ്യാപക പരാതി. ഭൂമിയാംകുളം, മണിയാറൻകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആവർത്തിച്ചുള്ള വൈദ്യുതി തടസ്സമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇന്നലെ രാവിലെ മുതൽ നിലച്ച വൈദ്യുതി 20 മണിക്കൂർ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഓഫീസുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഫോൺ പോലും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അറ്റകുറ്റപ്പണിക്കായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിക്കുമെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിൽ 2018-ലെ പ്രളയകാലത്തെ പ്രവർത്തനമാണ് നാട്ടുകാർ ചർച്ച ചെയ്യുന്നത്. അതിശക്തമായ മഴയും കാറ്റും ഉരുൾപൊട്ടലുകളും നേരിട്ടിട്ടും അന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വൈദ്യുതി എല്ലാ മേഖലകളിലും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഗുണഫലമാണ് ജനങ്ങൾ അനുഭവിച്ചതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ടച്ച് വെട്ടിന്റെ പേരിൽ മുൻകൂട്ടി വൈദ്യുതി വിച്ഛേദിച്ചിരുന്നെങ്കിലും വൈദ്യുതി ലൈനുകൾക്ക് ഭീഷണിയായ മരച്ചില്ലകളും കമ്പുകളും പൂർണമായി നീക്കം ചെയ്യുന്നതിൽ കെഎസ്ഇബി പരാജയപ്പെട്ടെന്നാണ് ആക്ഷേപം. ഇതാണ് ചെറിയ മഴയിലും വൈദ്യുതി മുടക്കം പതിവാകാൻ കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

ദീർഘനേരം വൈദ്യുതി ഇല്ലാതാകുന്നത് വ്യാപാര മേഖലയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഫ്രിഡ്ജുകളിലും ഫ്രീസറുകളിലും സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിക്കുന്നതിനാൽ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ക്ഷീരകർഷകരും പാൽ ശീതീകരണം, കറവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലാണ്. പ്രശ്നം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ഫോൺ എടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ടോൾഫ്രീ പരാതി നമ്പറിൽ പരാതി രജിസ്റ്റർ ചെയ്താലും തുടർന്ന് ഫലപ്രദമായ നടപടികളോ ഫോളോ-അപ്പോ ഉണ്ടാകുന്നില്ലെന്നും അവർ ആരോപിക്കുന്നു. ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന വകുപ്പുകളിലൊന്നായ കെഎസ്ഇബിയിൽ സേവനമല്ല, അനാസ്ഥയാണ് ജനങ്ങൾക്ക് ലഭിക്കുന്നതെന്ന് നാട്ടുകാർ വിമർശിക്കുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വപരാജയത്തിന്റെ നേർചിത്രമാണ് മലയോര മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു.

പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ കെഎസ്ഇബി ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed