Last Updated on 02 Aug 2026 • 11:43 AM by Openzone Online

ചെറുതോണി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയിലെ നട്ടെല്ലാണ്. മഴയും ജലലഭ്യതയും അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും, കേരളത്തിന് ആവശ്യമായ വാർഷിക വൈദ്യുതിയുടെ ഏകദേശം 20 മുതൽ 30 ശതമാനം വരെ, അതായത് ഏകദേശം നാലിലൊന്ന്, ഇടുക്കി പദ്ധതി ഒറ്റയ്ക്ക് സംഭാവന ചെയ്യുന്നു.
2026 ഓഗസ്റ്റ് 2 ലെ കണക്കുപ്രകാരം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2340.04 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 37.48 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ 2403 അടിയാണ്. ഇതേ ദിവസം 2025 ഓഗസ്റ്റ് 2-ന് ജലനിരപ്പ് 2376.20 അടിയും, സംഭരണശേഷി 70.04 ശതമാനവുമായിരുന്നു. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പ് 36.16 അടി കുറവാണ്, സംഭരണശേഷിയും ഗണ്യമായി താഴെയാണ്. KSEBയുടെ പ്രധാന ജലവൈദ്യുത പദ്ധതികളുടെ ആകെ വാർഷിക ഉൽപാദനശേഷി 6,780 ദശലക്ഷം യൂണിറ്റ് ആണ്. ഇതിൽ 2,398 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കുന്നത് ഇടുക്കി ജലവൈദ്യുത പദ്ധതി മാത്രമാണ്.

KSEBയുടെ ജലവൈദ്യുത ഉൽപാദനത്തിന്റെ 35 ശതമാനത്തിലേറെ ഇടുക്കി പദ്ധതിയുടെ സംഭാവനയാണ്.ഇടുക്കി ജില്ലയിലെ മറ്റ് ജലവൈദ്യുത പദ്ധതികളായ ലോവർ പെരിയാർ 493 പള്ളിവാസൽ 284 ചെങ്കുളം 182 , പന്നിയാർ 158 , മലങ്കര എന്നിവ കൂടി ചേർത്താൽ, KSEBയുടെ ജലവൈദ്യുത ഉൽപാദനത്തിന്റെ ഏകദേശം 52 ശതമാനത്തോളം ഇടുക്കി ജില്ലയിൽ നിന്നാണ് ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ കേരളത്തിന്റെ വൈദ്യുതി സുരക്ഷയിൽ ഇടുക്കി ജില്ലയ്ക്കുള്ള പ്രാധാന്യം അതിവലുതാണ്.ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്ത് പത്തനംതിട്ട ജില്ലയിലെ ശബരിഗിരി ജലവൈദ്യുത പദ്ധതി ആണ്. ഇതിന്റെ വാർഷിക ഉൽപാദനശേഷി 1,338 ദശലക്ഷം യൂണിറ്റ് ആണ് തുടർന്ന് ലോവർ പെരിയാർ 493, ഇടമലയാർ 380, പള്ളിവാസൽ 284, കുറ്റിയാടി 268, എന്നീ പദ്ധതികളാണ് പ്രധാന സംഭാവന നൽകുന്നത്.കേരളത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും സംസ്ഥാനത്തിനകത്ത് ഉൽപാദിപ്പിക്കാൻ കഴിയില്ല.

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ജലവൈദ്യുതിക്കു പുറമേ കായംകുളം താപനിലയം, സൗരോർജ പദ്ധതികൾ, കൂടാതെ NTPC, NHPC, NPCIL തുടങ്ങിയ കേന്ദ്ര വൈദ്യുത നിലയങ്ങളിൽ കേരളത്തിനുള്ള വിഹിതമായ കേന്ദ്രപൂൾ വൈദ്യുതിയും, ആവശ്യമായപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയും ചേർന്നാണ് സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നത്.
അതുകൊണ്ടാണ് ഓരോ മഴക്കാലത്തും ഇടുക്കി ഡാമിലെ ജലനിരപ്പും, നീരൊഴുക്കും, സംഭരണശേഷിയും, വൈദ്യുതി ഉൽപാദനവും കേരളം മുഴുവൻ ഉറ്റുനോക്കുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ഭദ്രതയെ നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകമായി ഇന്നും ഇടുക്കി ജലവൈദ്യുത പദ്ധതി തുടരുകയാണ്.

