Last Updated on 29 Jul 2026 • 2:50 PM by Openzone Online

ചെറുതോണി: ഹൈക്കോടതി വിധിയെ തുടർന്ന് ഇടുക്കി ജില്ലയിൽ പട്ടയഭൂമികളിൽ ഏർപ്പെടുത്തിയിരുന്ന നിർമാണനിരോധനം നീക്കിയ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രാബല്യത്തിൽ. കഴിഞ്ഞ മാർച്ചിൽ മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അംഗീകരിച്ച് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും, തുടർന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നടപടി പ്രായോഗികമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കേരള ഗവൺമെന്റ് ലാൻഡ് അസൈൻമെന്റ് റൂൾസ്–2026 നിലവിൽ വന്നതോടെയാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്.
ഇതിനുമുന്നോടിയായി 1960-ലെ കേരള ഭൂനിയമത്തിൽ പിണറായി സർക്കാർ ഭേദഗതി വരുത്തുകയും, 1964-ലെ ഭൂവിനിയോഗ ചട്ടങ്ങൾ പരിഷ്‌കരിച്ച് പുതിയ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ നിലവിൽ വന്നു. നിശ്ചിത ഫോമുകളിൽ ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർ (ആർഡിഒ)ക്ക് അപേക്ഷ നൽകി അനുമതി നേടാം.

പുതിയ ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കോ വീടുവയ്ക്കാനോ നൽകിയ പട്ടയഭൂമിയിൽ നിയമപരമായ അനുമതിയോടെ വാണിജ്യ കെട്ടിടങ്ങളും മറ്റ് പൊതുപ്രയോജന കെട്ടിടങ്ങളും നിർമിക്കാം. അപേക്ഷകൾ ഫോം എ, ബി, സി, ഡി എന്നിവയിൽ സമർപ്പിക്കണം. എല്ലാ അപേക്ഷകൾക്കും 100 രൂപ ഓൺലൈനായി ട്രഷറിയിൽ അടയ്ക്കണം. 5,000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴികെ മറ്റ് പ്രത്യേക ഫീസുകളില്ല. 5,000 ചതുരശ്ര അടിക്ക് മുകളിലുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് ഭൂമിയുടെ ഫെയർ വാല്യൂവിന്റെ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ ഫീസ് ഈടാക്കും.
എല്ലാത്തരം പാർപ്പിട കെട്ടിടങ്ങൾക്കും, 5,000 ചതുരശ്ര അടി വരെയുള്ള വാണിജ്യ-വ്യവസായ കെട്ടിടങ്ങൾക്കും, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആരാധനാലയങ്ങൾക്കും, പൊതുലൈബ്രറികൾക്കും, പൊതുകളിസ്ഥലങ്ങൾക്കും, കാർഷിക അനുബന്ധ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കും പ്രത്യേക ഫീസിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ച ശേഷം 90 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നത് പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥയാണ്. എന്നാൽ കെട്ടിടനിർമാണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ആവശ്യമായ നിയമാനുസൃത അനുമതികൾ പ്രത്യേകം വാങ്ങണം. തെറ്റായ വിവരങ്ങൾ നൽകി അനുമതി നേടിയാൽ അത് റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്.
വീടുവയ്ക്കാനായി അനുവദിച്ച പട്ടയഭൂമിയിൽ വീട് നിർമിക്കാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.1970-ലെ കൃഷിയോഗ്യ വനഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ, 1995-ലെ മുനിസിപ്പൽ-കോർപ്പറേഷൻ മേഖലകളിലെ പട്ടയങ്ങൾ, 1962-ലെ ഭൂദാന ചട്ടങ്ങൾ, 1968-ലെ ഹൈറേഞ്ച് കോളനിവൽക്കരണ പദ്ധതി, 1124-ലെ കാന്തുകൃഷി പ്രഖ്യാപനപ്രകാരമുള്ള ഭൂമികൾ, പട്ടികവർഗക്കാർക്ക് സർക്കാർ പതിച്ചുനൽകിയ ഭൂമികൾ, 1993-ലെ വനഭൂമി കുടിയേറ്റ ക്രമീകരണ പട്ടയങ്ങൾ, 1964-ലെ റബർ കൃഷി പട്ടയങ്ങൾ, കേരള ലാൻഡ് അസൈൻമെന്റ് റൂൾസ് 1964 പ്രകാരമുള്ള പട്ടയങ്ങൾ, 1960-ലെ വയനാട് കോളനിവൽക്കരണ നിയമപ്രകാരമുള്ള പട്ടയങ്ങൾ, കൂടാതെ 2024 ജൂൺ 7-നോ അതിനുമുമ്പോ പട്ടയം ലഭിച്ചവർ ഉൾപ്പെടെ 11 വിഭാഗം പട്ടയങ്ങൾക്കാണ് പുതിയ ചട്ടങ്ങളുടെ ആനുകൂല്യം ലഭിക്കുക.
ഈ പുതിയ ചട്ടം നിലവിൽ വന്നതോടെ, ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ വർഷങ്ങളായി പട്ടയഭൂമിയിൽ വീടും വാണിജ്യ കെട്ടിടങ്ങളും നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിയമപരമായ അനിശ്ചിതത്വത്തിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
