OpenZone Banner

Last Updated on 24 Jul 2026 • 7:45 AM by Openzone Online

Advertisement

ചേലച്ചുവട്–വണ്ണപ്പുറം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച നിലവാരത്തിൽ നടക്കുന്നില്ലെന്ന് റോയി കെ. പൗലോസ് എം.എൽ.എ. പറഞ്ഞു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

102 കോടി രൂപയുടെ പദ്ധതിയിൽ കയറ്റിറക്കങ്ങളും അപകടകരമായ വളവുകളും പരമാവധി കുറച്ച്, റോഡിന്റെ ഗ്രേഡിങ് നടത്തി നവീകരിക്കാനായിരുന്നു ആദ്യം എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി നിലവിലുള്ള റോഡിന് മുകളിൽ ടാറിങ് നടത്തുന്നതിലേക്കാണ് പദ്ധതി ചുരുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ റോഡ് പൂർത്തിയായാൽ വാഹനങ്ങൾ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുമ്പോൾ അപകടസാധ്യത വർധിക്കാനിടയുണ്ടെന്നും, ശേഷിക്കുന്ന പ്രവൃത്തികളെങ്കിലും പരമാവധി ഗുണനിലവാരത്തോടെ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ. വ്യക്തമാക്കി.

അതേസമയം, മഴക്കാലത്ത് കഞ്ഞിക്കുഴി ടൗണിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുകയും ഒഴുകുകയും ചെയ്യുന്നത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് വ്യാപാരികളുമായി ചർച്ച നടത്തിയതായും, റോഡിന്റെ ഇരുവശങ്ങളിലും ഓടകൾ നിർമ്മിക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എം.എൽ.എ. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.

സന്ദർശനത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസിനൊപ്പം പൊതുപ്രവർത്തകർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed