Last Updated on 24 Jul 2026 • 3:19 PM by Openzone Online

ചെറുതോണി: ആദ്യകാല കുടിയേറ്റ ഗ്രാമമായ വാഴത്തോപ്പ് ഉൾപ്പെടുന്ന ഇടുക്കി താലൂക്കിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ പോളിക്ലിനിക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പ്രവർത്തിക്കുന്ന വാഴത്തോപ്പ് മൃഗഡിസ്‌പെൻസറിയെ ലബോറട്ടറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള പോളിക്ലിനിക്കായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് വാഴത്തോപ്പ് ഡിവിഷൻ മെമ്പർ ബിജു നിളയുടെ നേതൃത്വത്തിൽ റോയി കെ. പൗലോസ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചു.
ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സജിൻ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം.

ആദ്യകാല കുടിയേറ്റ മേഖലയായ വാഴത്തോപ്പും പരിസര പ്രദേശങ്ങളും കാർഷിക-ക്ഷീരമേഖലയെ ആശ്രയിച്ചാണ് പ്രധാനമായും ജീവിക്കുന്നത്. എന്നാൽ, വർഷങ്ങളായി മനുഷ്യർക്കും മൃഗങ്ങൾക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ പരിമിതമാണ്. പശുവളർത്തൽ, ക്ഷീരോത്പാദനം, മറ്റ് വളർത്തുമൃഗ സംരക്ഷണം എന്നിവയെ ആശ്രയിക്കുന്ന കർഷകർക്ക് ആധുനിക മൃഗചികിത്സാ സംവിധാനങ്ങളുടെ അഭാവം വലിയ പ്രതിസന്ധിയാണ്. വാഴത്തോപ്പ് ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തിയാൽ ലബോറട്ടറി പരിശോധനകൾ, ആധുനിക രോഗനിർണയം, ശസ്ത്രക്രിയാ സൗകര്യം, അടിയന്തര ചികിത്സ, വാക്സിനേഷൻ, കൃത്രിമ ഗർഭധാരണം, വിദഗ്ധ വെറ്ററിനറി സേവനങ്ങൾ എന്നിവ ഒരേ കേന്ദ്രത്തിൽ ലഭ്യമാകും. ഇതിലൂടെ കർഷകർക്ക് തൊടുപുഴ ഉൾപ്പെടെയുള്ള ദൂരസ്ഥ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയുകയും സമയവും ചെലവും ലാഭിക്കാനാകുകയും ചെയ്യും.

പോളിക്ലിനിക് നിലവിൽ വന്നാൽ സീനിയർ വെറ്ററിനറി സർജൻമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, വെറ്ററിനറി ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഓഫീസ് ജീവനക്കാർ, അറ്റൻഡർമാർ തുടങ്ങി നിരവധി തസ്തികകൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. ഇടുക്കി താലൂക്കിലെ കർഷകരുടെയും ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെയും ദീർഘകാല ആവശ്യമായ ഈ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
