OpenZone Banner

Last Updated on 03 Aug 2026 • 6:34 AM by Openzone Online

Advertisement

ചെറുതോണി: കഴിഞ്ഞ ശനിയാഴ്ച അടിമാലി–കുമളി ദേശീയപാതയിൽ പകുതി പാലത്തിനു സമീപം ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലമുകളിൽ നിന്ന് ഉരുണ്ടുവന്ന ഭീമൻ പാറക്കല്ലുകൾ ദേശീയപാതയിലേക്ക് പതിച്ചിരുന്നു. റോഡിലേക്കു വീണ കല്ലുകൾ ഉടൻ നീക്കം ചെയ്തെങ്കിലും, നിരവധി വലിയ പാറകൾ റോഡിന് തൊട്ടുമുകളിലുള്ള മൺതിട്ടയിൽ ബലം കുറഞ്ഞ മരങ്ങളിൽ തങ്ങിനിൽക്കുന്ന അപകടാവസ്ഥയിലാണ്. ഏത് നിമിഷവും ഇവ താഴേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത്.

അപകടഭീഷണി നിലനിൽക്കുന്നതിനാൽ ഈ പാറകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇതുവരെ ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതി. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംവിധാനവും, ദേശീയപാത അതോറിറ്റി, ദേശീയപാത പരിപാലന വിഭാഗവും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ മരങ്ങളിൽ തങ്ങിനിൽക്കുന്ന പാറകൾ വീണ്ടും താഴേക്ക് പതിച്ചാൽ ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. വലിയ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അപകടാവസ്ഥയിലുള്ള പാറകൾ നീക്കം ചെയ്ത് ദേശീയപാത സുരക്ഷിതമാക്കണമെന്ന് ശക്തമായ ആവശ്യം ഉയരുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed