Last Updated on 25 Oct 2026 • 7:53 AM by Openzone Online

കൊച്ചി: റോഡുകളിൽ സാധാരണക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം വീണ്ടും ചർച്ചയാകുന്നു. ആലപ്പുഴയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വ്യവസായിയുടെ മകൻ ഉൾപ്പെട്ട സംഭവത്തിന് പിന്നാലെ, കൊച്ചിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം ആശങ്ക ഉയർത്തുന്നു.
ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മരിച്ചു. കാർ ഓടിച്ചിരുന്ന 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ അഡിഷണൽ ജഡ്ജിയുടെ മകനാണെന്നാണ് പൊലീസ് നൽകുന്ന വിവരം.കാർ ജഡ്ജിയുടെ പേരിലുള്ളതാണെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.നിയമം പാലിക്കേണ്ടവരും റോഡിലെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളുമായി ബന്ധപ്പെട്ടവരുമായ ആളുകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന ഇത്തരം സംഭവങ്ങൾ പൊതുസമൂഹത്തിൽ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതും റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിങ്ങും നിരപരാധികളുടെ ജീവനെടുക്കുമ്പോൾ, സാധാരണക്കാർക്ക് റോഡിലിറങ്ങി നടക്കാനും യാത്ര ചെയ്യാനും ഭയപ്പെടേണ്ട സാഹചര്യമാണോ എന്ന ചോദ്യവും ശക്തമാകുന്നു.
റോഡിലെ സുരക്ഷ ഉറപ്പാക്കാൻ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. അപകടങ്ങൾക്ക് ഉത്തരവാദികളായവർ ആരായാലും നിയമാനുസൃതമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടലുകൾ വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.

