Last Updated on 20 Aug 2026 • 2:47 PM by Openzone Online

തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. തേക്കിൻകാട്ടിൽ ഷിയാസ് ഷാജി (35), ചീങ്കല്ലേൽ അർഷിദ് ജബ്ബാർ (35), കാണിപ്പറമ്പിൽ നിഹാൽ ഷെഫീഖ് (22), ഓലിക്കൽ ആഷിക്ക് ഒ.എസ്. (23) എന്നിവരാണ് പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഓട്ടോറിക്ഷയിലും കാറിലുമായി 18.21 ഗ്രാം എംഡിഎംഎയും 10.20 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ലഹരിവസ്തുക്കൾ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവരുടെ കൈവശമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ ത്രീദിപ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയാനന്ദ് സോമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിൽ, സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഇടുക്കി ജില്ലയിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ തൂഫാൻ കൺട്രോൾ റൂം: 9497932508 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

