OpenZone Banner

Last Updated on 19 Aug 2026 • 10:42 AM by Openzone Online

Advertisement

ഹരിപ്പാട്: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതികളിലേക്ക് മണിക്കൂറുകൾക്കകം അന്വേഷണം എത്തിയത് ശാസ്ത്രീയ തെളിവുകളും സൈബർ അന്വേഷണവും കേന്ദ്രീകരിച്ചുള്ള നീക്കങ്ങളിലൂടെ. തുടക്കത്തിൽ ദുരൂഹത നിറഞ്ഞുനിന്ന കേസിൽ മൊഴികളിലെ വൈരുദ്ധ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതോടെയാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്.

ഹരിപ്പാട് മണ്ഡലത്തിൽ നടന്ന സംഭവമായതിനാൽ തന്നെ കേസ് പോലീസിന് ഏറെ നിർണായകമായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ റേഞ്ച് ഡി.ഐ.ജി ജി. എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കുകയും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വിന്യസിക്കുകയും ചെയ്തു. കേസിൽ നിർണായകമായത് കൊല്ലപ്പെട്ടയാളുടെ ബന്ധുവായ പെൺകുട്ടിയുടെ മൊഴിയായിരുന്നു. തുടക്കത്തിൽ സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയ പെൺകുട്ടിയുടെ മൊഴിയിലെ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പരിചയസമ്പന്നയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

സാങ്കേതിക തെളിവുകൾ കൂടി പരിശോധിച്ചതോടെ പെൺകുട്ടിയുടെ കൊല്ലത്തുള്ള കാമുകനും സുഹൃത്തുക്കളും സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കൊല്ലപ്പെട്ട ഗൃഹനാഥൻ മോശമായി പെരുമാറിയെന്ന തരത്തിൽ പെൺകുട്ടി കാമുകനോട് പറഞ്ഞിരുന്നതായും ഇയാളെ കൊലപ്പെടുത്തണമെന്ന ആവശ്യമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൊലപാതകത്തിനൊപ്പം വീട്ടിൽനിന്ന് പണവും സ്വർണവും കവരാനും പ്രതികൾ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൊല്ലത്തുനിന്ന് ട്രെയിൻ മാർഗമാണ് മൂന്ന് കൗമാരക്കാർ ഹരിപ്പാട്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന സംഘം ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അവശനായ ഗൃഹനാഥനെ കെട്ടിയിട്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണവും പണവും കൈക്കലാക്കി സംഘം മടങ്ങി.

അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വീടിനുള്ളിൽ മുളകുപൊടി വിതറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സമയത്ത് പെൺകുട്ടി സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കൃത്യത്തിന് ശേഷം കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചതായും പോലീസ് പറയുന്നു.ഡിജിറ്റൽ തെളിവുകളും ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന 16, 17 വയസ്സുള്ള കൗമാരക്കാരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് കണ്ടെത്തൽ.മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം കൊല്ലത്തെ ജ്വല്ലറിയിൽ 16,000 രൂപയ്ക്ക് വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി. വിറ്റ സ്വർണം പോലീസ് കണ്ടെടുത്തു. സ്വർണം വിൽക്കാൻ സഹായിച്ചയാളെയും ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ശേഖരിച്ച മൊഴികളും സാങ്കേതിക തെളിവുകളും പരസ്പരം പരിശോധിച്ചതാണ് കേസിന്റെ ചുരുളഴിക്കാൻ സഹായിച്ചത്. ദുരൂഹത നിലനിന്നിരുന്ന കേസിൽ പ്രതികളുടെ നീക്കങ്ങൾ ഒന്നൊന്നായി കണ്ടെത്തിയതോടെ അന്വേഷണം നിർണായക ഘട്ടത്തിലെത്തുകയായിരുന്നു.

കരുവാറ്റ കൊലപാതകത്തിൽ പോലീസ് നടത്തിയ സമയബന്ധിതമായ ഇടപെടലും ശാസ്ത്രീയ അന്വേഷണ രീതികളും കേസിന്റെ അന്വേഷണത്തിൽ നിർണായകമായെന്നാണ് വിലയിരുത്തൽ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed