Last Updated on 18 Aug 2026 • 2:54 AM by Openzone Online

കണ്ണൂർ: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ കമാൻഡിങ് ഓഫീസർ കൊമോഡോർ ശ്രീകുമാർ കെ. പിള്ളയ്ക്ക് 7 വർഷം കഠിനതടവും 75 ലക്ഷം രൂപ പിഴയും. അനധികൃത സ്വത്തുസമ്പാദനത്തിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനിക കോടതി, നാവികസേനയിൽ നിന്ന് അപമാനകരമായി പിരിച്ചുവിടാനും ഉത്തരവിട്ടു.
നാവികസേനാ മേധാവിയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഏഴിമലയിലെ നാവികസേനാ തടവറയിൽ കഴിയുന്ന ശ്രീകുമാർ കെ. പിള്ളയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതും അനധികൃതമായി സ്വത്ത് സമ്പാദിച്ചതും സാക്ഷികളെ ഭീഷണിപ്പെടുത്തിയതും ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളിൽ ആണ് ശിക്ഷ. ഏഴ് വർഷത്തെ കഠിനതടവിനൊപ്പം 75 ലക്ഷം രൂപ പിഴയും നാവികസേനയിൽ നിന്ന് അപമാനകരമായ പിരിച്ചുവിടലുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഏപ്രിൽ അവസാന വാരം മുതൽ ഏഴിമല നാവിക അക്കാദമിയിൽ തുടർച്ചയായി നടന്ന കോർട്ട് മാർഷൽ നടപടികൾക്കൊടുവിലാണ് ശിക്ഷാവിധി. സൈനിക കോടതി വിധിക്ക് നാവികസേനാ മേധാവിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷം ശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. നിലവിൽ ഏഴിമലയിലെ നാവികസേനാ തടവറയിലാണ് ശ്രീകുമാർ കെ. പിള്ള കഴിയുന്നത്. നാവിക അക്കാദമിയിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനായി കരാറുകാരിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീകുമാർ കെ. പിള്ള നാവികസേനാ ഇന്റലിജൻസിന്റെ പിടിയിലായതെന്നാണ് കേസ്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ റിയൽ എസ്റ്റേറ്റ്, സ്വർണം, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തുകയായിരുന്നു.

ഫയൽ ചിത്രം
കൈക്കൂലി വാങ്ങൽ, അനധികൃത സ്വത്തുസമ്പാദനം, സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കൽ തുടങ്ങിയ എഴുപത്തഞ്ചോളം ഗുരുതര കുറ്റങ്ങളാണ് കേസിൽ ചുമത്തിയത്. വിചാരണയിൽ ഏകദേശം രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കൾ സമ്പാദിച്ചതായി തെളിഞ്ഞതായാണ് സൈനിക കോടതിയിലെ കണ്ടെത്തൽ.
കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും അന്വേഷണത്തിനിടെ പുറത്തുവന്നു. വിചാരണ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കേസിലെ പ്രധാന സാക്ഷിയുടെ മൊഴി മാറ്റാൻ ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഏഴിമല അക്കാദമിയിൽ ഹോട്ടൽ നടത്തുന്ന ബിഹാർ സ്വദേശിയായ ബുബു കുമാറിന്റെയും കുടുംബത്തിന്റെയും നേരെയായിരുന്നു അതിക്രമമെന്നാണ് കേസ്. 2026 ജനുവരി 16ന് പുലർച്ചെ രാമന്തളിയിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം കുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് വധഭീഷണി മുഴക്കി മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ പയ്യന്നൂർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണ ഉദ്യോഗസ്ഥരോട് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കോടതിയിൽ മൊഴി മാറ്റണമെന്നും ആവശ്യപ്പെട്ട് കൊമോഡോറിന്റെ ഭാര്യയും ചാർട്ടേഡ് അക്കൗണ്ടന്റും ഭീഷണിപ്പെടുത്തിയതായി സാക്ഷി പോലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. സൈനിക കോടതി വിചാരണയിൽ നൂറോളം സാക്ഷികളെയാണ് വിസ്തരിച്ചത്. നാവികസേനാ ഇന്റലിജൻസ് ശേഖരിച്ച തെളിവുകളും പോലീസിന്റെ അന്വേഷണ കണ്ടെത്തലുകളും കേസിൽ നിർണായകമായെന്നാണ് വിലയിരുത്തൽ.
നാവികസേനാ മേധാവിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. ഉന്നത ഉദ്യോഗസ്ഥനെതിരായ അഴിമതി, അനധികൃത സ്വത്തുസമ്പാദനം, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെട്ട കേസിൽ നാവികസേന കൈക്കൊണ്ട ഏറ്റവും കടുത്ത നടപടികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

