Last Updated on 13 Aug 2026 • 2:59 PM by Openzone Online

ബംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ അജ്ഞാത സംഘം മുട്ടയെറിഞ്ഞു. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു ബിഡ്തിയിൽ സംഭവം നടന്നത്. അഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് ഓടിക്കൊണ്ടിരുന്ന ബസിന് നേരെ മുട്ട എറിഞ്ഞതെന്നാണ് വിവരം.ആദ്യ മുട്ട ബസിൽ പതിച്ചതിന് പിന്നാലെ ഡ്രൈവർ വേഗത കുറച്ചതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ ആക്രമണത്തിന് ശേഷം സംഘം സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കാതിരുന്നത് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്.
കേരള രജിസ്ട്രേഷൻ വാഹനങ്ങൾ ഈ പ്രദേശത്ത് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന വിവരവും ആശങ്ക വർധിപ്പിക്കുന്നു. ശനിയാഴ്ച കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അതേ സ്ഥലത്തുവച്ചാണ് ഇപ്പോൾ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന് നേരെയും ആക്രമണമുണ്ടായത്. ശനിയാഴ്ചയുണ്ടായ അപകടവും ഇപ്പോഴത്തെ മുട്ടയേറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. മോഷ്ടാക്കൾ ബസ് അപകടത്തിൽ പെടുത്തിയശേഷം വിലപിടിച്ച സാധനങ്ങൾ കവരുകയാണ് ലക്ഷ്യം എന്നാണ് അനുമാനം. അന്നത്തെ അപകടത്തിന് പിന്നിലും സമാനമായ രീതിയിലുള്ള ഇടപെടലുണ്ടായിരുന്നോയെന്ന ചോദ്യവും ശക്തമാണ്.

അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച സാഹചര്യത്തിലാണ് സംശയങ്ങൾക്ക് കൂടുതൽ ഗൗരവം ലഭിക്കുന്നത്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ കേരള ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെയും മുൻ അപകടത്തിന്റെ യഥാർഥ കാരണവും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ.

