Last Updated on 26 Jul 2026 • 5:57 AM by Openzone Online

ചെറുതോണി: ഇടുക്കി എംഎൽഎ റോയി കെ. പൗലോസിനെതിരെ രൂക്ഷ വിമർശനവുമായി കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ. വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി നൽകുന്ന പ്രസ്താവനകൾ വായിച്ചു കേൾപ്പിക്കാൻ ഇടുക്കിക്ക് ഒരു എംഎൽഎയെ ആവശ്യമില്ലെന്ന് റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, കഞ്ഞിക്കുഴിയിൽ വനം വകുപ്പ് സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറിയിട്ടില്ലെന്നും ജനങ്ങളാണ് കയ്യേറ്റക്കാർ എന്ന തരത്തിലുമാണ് എംഎൽഎ പ്രതികരിച്ചതെന്ന് ആരോപിച്ചാണ് കർഷക സംഘം രംഗത്തെത്തിയത്.

കാട്ടാന ആക്രമിച്ച വീടുകൾ ആൾതാമസമില്ലാത്ത വീടുകളാണെന്ന എംഎൽഎയുടെ പരാമർശവും യാഥാർഥ്യവിരുദ്ധമാണെന്ന് റോമിയോ സെബാസ്റ്റ്യൻ ആരോപിച്ചു. പാൽക്കുളമേട്, വെണ്മണി ഉൾപ്പെടെയുള്ള വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകർ സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കണമെങ്കിൽ പോലും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണം നൽകേണ്ട ഗതികേടിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാൽക്കുളം മേട്ടിൽ വനം വകുപ്പ് നിലവിൽ കൈവശം വച്ചിരിക്കുന്ന ഭൂമി മുഴുവൻ റവന്യൂ ഭൂമിയാണെന്നും, ഈ കാര്യം എംഎൽഎയ്ക്ക് അറിയാമോ എന്നും റോമിയോ സെബാസ്റ്റ്യൻ ചോദിച്ചു. യാഥാർഥ്യത്തിന് വിരുദ്ധമായ പ്രസ്താവന എംഎൽഎ റോയി കെ. പൗലോസ് പിൻവലിച്ച് പൊതുജനങ്ങളോടും കർഷകരോടും മാപ്പ് പറയണമെന്നും കേരള കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. എംഎൽഎയുടെ പ്രസ്താവന ഉണ്ടായതിന് പിന്നാലെ കഞ്ഞിക്കുഴിയിൽ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

