Last Updated on 22 Aug 2026 • 3:24 PM by Openzone Online

ചെറുതോണി :ഇടുക്കി ജില്ലാ പഞ്ചായത്തും, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും, തമ്മിൽ നിലനിന്നിരുന്ന വാഴത്തോപ്പിലെ ഭൂമി തർക്കം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകിയതായ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അറിയിച്ചു.
2000 മുതൽ 26 വർഷമായി നിലനിന്നിരുന്ന ഒരു ഭൂമി പ്രശ്നമാണ് ഇതു മൂലം പരിഹരിക്കുവാൻ പോകുന്നത്. തർക്കം പരിഹരിച്ച് ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന ഭൂമി ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയും. ഇടുക്കി ജില്ല ആസ്ഥാന വികസനത്തിനായി സർക്കാർ ഇടുക്കി വികസന അതോറിറ്റി രൂപീകരിക്കുകയും ജില്ലാ ആസ്ഥാനത്തെ 322.974 ഹെക്ടർ സ്ഥലം 1998 ഇടുക്കി വികസന അതോറിറ്റിക്ക് കൈമാറി നൽകുകയും ചെയ്തു. ഈ ഭൂമിയിൽ വാഴത്തോപ്പിൽ കെഎസ്ഇബി കൈവശം വെച്ചിരുന്ന 41.8872 ഹെക്ടർ സ്ഥലവും ഉൾപ്പെട്ട് വന്നു. ഈ ഭൂമി വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ ഇടുക്കി വികസന അതോറിറ്റി തീരുമാനിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ഇടുക്കി വികസന അതോറിറ്റി തീരുമാനത്തിനെതിരെ കെഎസ്ഇബി കേരള ഹൈക്കോടതിയെ സമീപിക്കുകയും, 1964 ൽ ഇടുക്കി പ്രോജക്ടിന് വേണ്ടി വനംവകുപ്പിൽ നിന്നും പാട്ടക്കാരാറിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിയാണ് എന്ന് വാദിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ഹൈപ്പർ കമ്മിറ്റിയെ ചുമതലപ്പെടുത്തി കോടതി 2000 ത്തിൽ ഉത്തരവായി.

ഹൈപ്പർ കമ്മിറ്റി വിവിധ തീയതികളിൽ യോഗം ചേർന്നു എങ്കിലും പ്രശ്നത്തിന് പരിഹാരം ആയില്ല. 2008 ചേർന്ന ഹൈപ്പർ കമ്മിറ്റി ചെറുതോണി വാഴത്തോപ്പ് തടിയമ്പാട് – റോഡിന് ഇടതു വശത്തുള്ള സ്ഥലം ജില്ലാ പഞ്ചായത്തിനും വലതുവശത്തുള്ള സ്ഥലം കെഎസ്ഇബിയിൽ നിലനിർത്തുവാനും ഇത്തരത്തിൽ പ്രശ്നം പരിഹരിക്കുവാനും നിർദ്ദേശിച്ചിരുന്നു.
2007 ൽ ഇടുക്കി വികസന അതോറിറ്റി നിർത്തലാക്കി ഇടുക്കി ജില്ലാ പഞ്ചായത്തിൽ ലയിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന് ലഭിക്കേണ്ട സ്ഥലത്തെ കെഎസ്ഇബി നിർമിച്ചിട്ടുള്ള നിർമ്മാണങ്ങളുടെ നഷ്‌ട്ടം കെഎസ്ഇബിക്ക് ജില്ലാ പഞ്ചായത്ത് നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി നിർദ്ദേശിച്ച തുക ജില്ലാ പഞ്ചായത്ത് കെഎസ്ഇബിക്ക് നൽകുകയും 2019 ൽ ജില്ലാ കളക്ടർ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിന് ഇരുകൂട്ടരും തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇതിനുശേഷം 2023 ൽ ചേർന്ന ഹൈപ്പർ കമ്മിറ്റി ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലം ഡി റിസർവ് ചെയ്യുന്നതിന് അപേക്ഷ തയ്യാറാക്കി വനം വകുപ്പിൽ സമർപ്പിക്കാൻ . ഈ ഭൂമി കൈമാറ്റവും ഉൾപ്പെടും എന്ന നിഗമനത്തിലാണ്. ഇപ്രകാരം ഒരു നിർദ്ദേശം വരുവാൻ കാരണമായത്. യഥാർത്ഥത്തിൽ വന സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് തന്നെ ഈ ഭൂമി കൈമാറ്റം നടക്കുകയും അത് 1998 സർക്കാർ പരിശോധിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ വസ്തുതകൾ ഇരുപത്തിയൊന്നാം തീയതി കളക്ടറേറ്റിൽ വച്ച് നടന്ന വൈദ്യുതി മന്ത്രിയുടെ മീറ്റിംഗിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ഫ്രാൻസിസ് അറക്കപറമ്പിൽ നിവേദനം നൽകുകയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവ് പി.കെ വിഷയം അവതരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഈ വിഷയത്തിൽ ഇടപെടുമെന്നും പ്രശ്നം ഉടൻ പരിഹരിച്ച് ഉത്തരവാകുമെന്നും മന്ത്രി അറിയിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, ജില്ലാ പഞ്ചയത്ത് അംഗം മനോജ് കോക്കാട്ട്, സെക്ഷൻ ക്ലർക്ക് ജാൻറ്റോ ടോമ് തുടങ്ങിയവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു എന്നും ഫ്രാൻസിസ് അറക്കപ്പറമ്പിൽ പറഞ്ഞു.

