Last Updated on 09 Jul 2026 • 6:26 AM by Openzone Online

ഗാർഹിക പാചകവാതക സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചാൽ ആരും ഞെട്ടിപ്പോകും. അത്തരമൊരു അപൂർവ സംഭവമാണ് ഇടുക്കി ജില്ലയിലെ മഞ്ഞപ്പാറയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിമ്പനിൽ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സിലിണ്ടറിന്റെ സുരക്ഷയെയും വിതരണ സംവിധാനത്തെയും ചോദ്യം ചെയ്യുന്ന പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.
ഇടുക്കി കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത സിലിണ്ടറിലാണ് ഗ്യാസിന് പകരം വെള്ളം കണ്ടെത്തിയത്. മഞ്ഞപ്പാറ സ്വദേശി പുല്ലുമലയിൽ സതീഷിന്റെ വീട്ടിലെത്തിച്ച സിലിണ്ടർ പത്ത് ദിവസം മുമ്പാണ് ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉപയോഗിക്കാൻ ആരംഭിച്ച സിലിണ്ടർ ഒരു ദിവസം മാത്രമാണ് പ്രവർത്തിച്ചത്. തുടർന്ന് ബുധനാഴ്ച അടുപ്പ് കത്തിക്കാനെത്തിയപ്പോൾ ഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് റെഗുലേറ്റർ അഴിച്ച് പരിശോധിച്ചപ്പോഴാണ് വാൽവിലൂടെ പച്ചനിറമുള്ള വെള്ളം പുറത്തേക്ക് വരുന്നത് വീട്ടുകാർ ശ്രദ്ധിച്ചത്.

സംഭവത്തിൽ സംശയം തോന്നിയ വീട്ടുകാർ സിലിണ്ടറിന്റെ ഭാരം പരിശോധിച്ചപ്പോൾ അസ്വാഭാവികമായ വ്യത്യാസമാണ് കണ്ടെത്തിയത്. സാധാരണ ഗ്യാസടക്കം 29.8 കിലോഗ്രാം ഭാരം ഉണ്ടാകേണ്ട സിലിണ്ടറിന്, ഒരു ദിവസം മാത്രം ഉപയോഗിച്ച ശേഷവും 31.700 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ഇതോടെയാണ് സിലിണ്ടറിനുള്ളിൽ വെള്ളം നിറച്ചിരിക്കാമെന്ന സംശയം ശക്തമായത്. തുടർന്ന് വീട്ടുടമ കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയെ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ സിലിണ്ടർ തിരികെ വാങ്ങി പകരം പുതിയ സിലിണ്ടർ നൽകുമെന്ന് ഏജൻസി അധികൃതർ അറിയിച്ചതായാണ് വിവരം.

എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ സുരക്ഷയെയും വിതരണത്തിലെ ഗുണനിലവാര നിയന്ത്രണത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കരിമ്പനിൽ ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ തീപിടുത്തമുണ്ടായി ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. അതിന് പിന്നാലെ സിലിണ്ടറിൽ ഗ്യാസിന് പകരം വെള്ളം കണ്ടെത്തിയ സംഭവം പുറത്തുവന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
തുടർച്ചയായി ഉയരുന്ന ഇത്തരം പരാതികളുടെ പശ്ചാത്തലത്തിൽ ഗ്യാസ് സിലിണ്ടറുകളുടെ നിറയ്ക്കൽ, പരിശോധന, വിതരണം എന്നിവയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
