Last Updated on 22 Sep 2026 • 6:55 AM by Openzone Online

ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിനോട് ചേർന്ന് ചെറുതോണിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വൈശാലിമല. ഭരതൻ സംവിധാനം ചെയ്ത വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായതോടെയാണ് ഈ മല വൈശാലിമല എന്ന പേരിൽ അറിയപ്പെടുന്നത്.
കാർഷിക മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ ടൂറിസമാണ് ഇടുക്കിയുടെ പ്രധാന വരുമാന സാധ്യതകളിലൊന്നെന്ന് വിലയിരുത്തപ്പെടുമ്പോഴും, ജില്ലയിലെ നിരവധി പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഇപ്പോഴും പൂർണമായി പ്രയോജനപ്പെടുത്താനാകാത്ത സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തോട് ചേർന്നുള്ള വൈശാലിമലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
ഗ്ലാസ് ബ്രിഡ്ജ്, പാറയോട് ചേർന്നുള്ള നടപ്പാത, വ്യൂ പോയിന്റുകൾ, സാഹസിക വിനോദ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി മലയെ ഒരു അഡ്വഞ്ചർ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Al സഹായത്തോടെ തയ്യാറാക്കിയ മാതൃക
മലമുകളിൽ നിന്ന് ചെറുതോണി പട്ടണം, ചെറുതോണി അണക്കെട്ട്, ജലാശയം, ചുറ്റുമുള്ള മലനിരകൾ എന്നിവയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാനാകും. അടിമാലി–കുമളി ദേശീയപാതയ്ക്ക് സമീപമുള്ള സ്ഥാനം പദ്ധതിയുടെ സാധ്യതകൾ വർധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
BOT മാതൃകയിൽ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടുത്തി സർക്കാർ നേരിട്ടുള്ള സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് പദ്ധതി നടപ്പാക്കാനും സാധിക്കുമെന്നാണ് നിർദേശം. പദ്ധതി യാഥാർഥ്യമായാൽ ചെറുതോണിയിലെ വ്യാപാരികൾക്കും പ്രദേശവാസികൾക്കും നേട്ടമുണ്ടാകുന്നതിനൊപ്പം ജില്ലയുടെ ടൂറിസം വരുമാനവും വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
വൈശാലിമലയിലെ ടൂറിസം സാധ്യതകൾ പഠിച്ച് അടിയന്തരമായി പദ്ധതി തയ്യാറാക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നത്.


