OpenZone Banner

Last Updated on 03 Sep 2026 • 2:25 AM by Openzone Online

Advertisement

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പുന്നയാർ കുത്തിന് സമീപത്തെ പ്രകൃതിരമണീയമായ വട്ടോൻപാറയെ ടൂറിസം ഹബ്ബാക്കി മാറ്റാൻ പഞ്ചായത്തും ടൂറിസം പ്രമോഷൻ കൗൺസിലും അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ. ജനുവരി വരെ സമൃദ്ധമായി വെള്ളച്ചാട്ടം കാണാൻ കഴിയുന്ന മേഖലയാണ് വട്ടോൻപാറ.

കഞ്ഞിക്കുഴി ടൗണിൽ നിന്ന് പുന്നയാറിലേക്ക് പോകുന്ന വഴിയിലാണ് പ്രകൃതി സൗന്ദര്യം നിറഞ്ഞ വട്ടോൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചെരിഞ്ഞ പാറയിലൂടെ ഉരുളൻ കല്ലുകളിൽ തട്ടി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും സമീപത്തെ ഇരുമ്പലും പ്രദേശത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. വട്ടോൻപാറയിൽ നിന്നുള്ള കാഴ്ചയിൽ നേര്യമംഗലം പാ‍മ്പ്ലാ വനമേഖലയും കാണാനാകും.

പ്രദേശത്ത് കൈവരികൾ സ്ഥാപിക്കുകയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്താൽ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും സന്ദർശകർക്ക് സമയം ചെലവഴിക്കാൻ കഴിയുന്ന മികച്ച വിനോദസഞ്ചാര കേന്ദ്രമായി വട്ടോൻപാറയെ മാറ്റാനാകുമെന്ന് നാട്ടുകാർ പറയുന്നു. സമീപത്ത് വാച്ച് ടവർ നിർമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് ആവശ്യം.

പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കാലങ്ങളായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പുതിയ ഭരണസമിതി വിഷയത്തിൽ ഇടപെട്ട് വട്ടോൻപാറയുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed