Last Updated on 15 Sep 2026 • 1:39 PM by Openzone Online

ചെറുതോണി: മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലി തോട്ടം വാഴത്തോപ്പിൽ കൗതുകവും കാഴ്ചവിരുന്നുമാകുന്നു. തണൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വാഴത്തോപ്പിൽ ഒരുക്കിയ മാരിഗോൾഡ് തോട്ടമാണ് ഇപ്പോൾ നാട്ടുകാരുടെയും സന്ദർശകരുടെയും പ്രിയപ്പെട്ട സെൽഫി പോയിന്റായി മാറുന്നത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതാരവം പദ്ധതിയുടെ ഭാഗമായി കർഷക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഓണം വിപണി ലക്ഷ്യമിട്ടുമാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം പൂക്കൾ വിരിയുന്നത് പ്രതീക്ഷിച്ചതിലും വൈകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറി വെയിൽ ശക്തമായതോടെയാണ് തോട്ടം പൂർണമായും പൂത്തുലഞ്ഞത്.

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ നിറഞ്ഞ തോട്ടത്തിന്റെ പശ്ചാത്തലത്തിൽ വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിന്റെ മിനാരവും ഉൾപ്പെടുത്തി ചിത്രങ്ങളെടുക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാനുള്ള ചിത്രങ്ങൾ പകർത്താനും കുടുംബസമേതം സമയം ചെലവഴിക്കാനുമെല്ലാം ആളുകൾ തോട്ടത്തിലെത്തുന്നുണ്ട്.

അടുത്ത മൂന്ന് മാസത്തോളം തോട്ടം ഇത്തരത്തിൽ പൂക്കളാൽ നിറഞ്ഞുനിൽക്കുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിലെ ചെണ്ടുമല്ലി കൃഷിയിടങ്ങളിൽനിന്ന് ഹൈറേഞ്ചിലെ ഈ തോട്ടത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രത്യേകത കീടനാശിനികൾ ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണ്.
കീടനാശിനി ഉപയോഗിക്കാത്തതിനാൽ തോട്ടത്തിൽ ധാരാളം തേനീച്ചകളും പൂമ്പാറ്റകളും തുമ്പികളും പാറിപ്പറക്കുന്ന കാഴ്ചയും കാണാം. ചെണ്ടുമല്ലിപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധം സമീപപ്രദേശത്താകെ പരക്കുന്നതും തോട്ടത്തിന്റെ മറ്റൊരു ആകർഷണമാണ്. വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് എതിർവശത്തായാണ് തണൽ കർഷകസംഘത്തിന്റെ ചെണ്ടുമല്ലി തോട്ടം സ്ഥിതി ചെയ്യുന്നത്. ഓണം വിപണിയെ ലക്ഷ്യമിട്ട് ആരംഭിച്ച കൃഷി ഇപ്പോൾ നാട്ടുകാർക്ക് കാഴ്ചയുടെ വസന്തവും കർഷകർക്ക് പ്രതീക്ഷയുടെ നിറവുമാകുകയാണ്.

