Last Updated on 23 Sep 2026 • 4:26 PM by Openzone Online

Advertisement

അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ അടിമാലി പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ചിരട്ടക്കുന്ന് സ്വദേശി അൻസാർ (32) ആണ് അറസ്റ്റിലായത്.

അടിമാലി എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപമുള്ള ഭണ്ഡാരം കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് പണം കവർന്നതിന് പിന്നാലെ വഴിപാട് കൗണ്ടറിന്റെ ഡ്രോയറും തകർത്തു. ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചതായി ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഏകദേശം 70,000 രൂപ നഷ്ടപ്പെട്ടതായാണ് ക്ഷേത്ര ഭാരവാഹികൾ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. മോഹൻദാസിന്റെ നിർദേശപ്രകാരം അടിമാലി സി.ഐ സിദ്ദിഖ് അബ്ദുൽഖാദറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച പൊലീസ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ചിരട്ടക്കുന്ന് ഭാഗത്തെ വീട്ടിലെത്തി അൻസാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ കൈവശത്തിൽ നിന്ന് മോഷ്ടിച്ച പണത്തിൽപ്പെട്ട 5,000 രൂപയും മോഷണത്തിന് ഉപയോഗിച്ചതായി പൊലീസ് പറയുന്ന ആയുധങ്ങളും കണ്ടെടുത്തു.

തുടർ തെളിവെടുപ്പും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. മോഹൻദാസ് അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed