Last Updated on 18 Sep 2026 • 9:53 AM by Openzone Online

Advertisement

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിലും പ്രധാന പാതകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും. ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായാണ് വിവിധ മേഖലകളിൽ പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അറിയിച്ചു.

മണിയാറൻകുടി, കരിമ്പൻ, തടിയമ്പാട്, വഞ്ചിക്കവല, പൈനാവ്, ചെറുതോണി തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കൊപ്പം പ്രധാന പാതകളും സിസിടിവി നിരീക്ഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്. ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം അവ അറ്റകുറ്റപ്പണികൾ നടത്തി കൃത്യമായി പ്രവർത്തനസജ്ജമായി നിലനിർത്തുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

2018-ൽ വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ ടൗണുകളിലായി 36 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. പ്രളയത്തെ തുടർന്ന് ഏതാനും ക്യാമറകൾ നശിക്കുകയും പിന്നീട് ശേഷിച്ച ക്യാമറകളും പ്രവർത്തനരഹിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും സിസിടിവി നിരീക്ഷണം ശക്തമാക്കാനുള്ള നീക്കം.

ക്യാമറകൾ പ്രവർത്തിച്ചിരുന്ന കാലത്ത് ടൗൺ മേഖലകളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ പഞ്ചായത്തിലെ വിവിധ ടൗൺ മേഖലകളിൽ ലഹരി ഉപയോഗിക്കുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ള സംഘങ്ങൾ തമ്പടിക്കുകയും സംഘം ചേരുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സിസിടിവി സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളും സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഉൾപ്പെടെ പൊതുസ്ഥലങ്ങളിലെ അനിഷ്ട സംഭവങ്ങൾ തടയുന്നതിനും കുറ്റകൃത്യങ്ങൾ നടന്നാൽ പ്രതികളെ കണ്ടെത്തുന്നതിനും ക്യാമറ നിരീക്ഷണം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ജില്ലാ ആസ്ഥാന മേഖലയിൽ വിവിധ സ്ഥലങ്ങളിലും ഏലത്തോട്ടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ടൗൺ മേഖലകളിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നിട്ടുണ്ട്.

സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്ത് നടപടികൾ പൂർത്തിയാകുന്നതോടെ പ്രധാന ടൗൺ മേഖലകളും റോഡുകളും കൂടുതൽ ശക്തമായ നിരീക്ഷണ സംവിധാനത്തിന് കീഴിലാകും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed