Last Updated on 19 Sep 2026 • 10:47 AM by Openzone Online

ചെറുതോണി: സഹകരണ ബാങ്കുകളും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഈ മാസം 28ന് സഹകരണ അദാലത്ത് നടത്തുമെന്ന് ഇടുക്കി എംഎൽഎ റോയി കെ. കെ. പൗലോസ് അറിയിച്ചു. സർക്കാർ അധികാരമേറ്റ ശേഷം വായ്പകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ സഹകരണ ബാങ്കുകൾക്ക് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
വായ്പാ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ ബാങ്കുകൾ സ്വീകരിച്ചുവരുന്ന സാഹചര്യത്തിൽ, മൂന്ന് മാസത്തേക്ക് ഇത്തരം നടപടികൾ നിർത്തിവയ്ക്കണമെന്ന് സർക്കാർ സഹകരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ കാലാവധി അവസാനിക്കാനിരിക്കെ ബാങ്കുകളുടെ ജനങ്ങളോടുള്ള സമീപനത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന പരാതികൾ വ്യാപകമായി ഉയർന്നതായും എംഎൽഎ പറഞ്ഞു.ഇടുക്കി നിയോജകമണ്ഡല പരിധിയിൽ ഉൾപ്പെടുന്ന സഹകരണ ബാങ്കുകളുടെ അധികൃതരെയും വിവിധ നടപടികൾ നേരിടുന്ന പൊതുജനങ്ങളെയും അദാലത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സർക്കാർ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും അദാലത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ വ്യക്തമാക്കി.
ചെറുതോണിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. എം.ഡി. അർജുനൻ, അനിൽ ആനിക്കനാട്ട്, എം.കെ. പുരുഷോത്തമൻ, അഡ്വ. അനീഷ് ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

