Last Updated on 22 Sep 2026 • 7:23 AM by Openzone Online

Advertisement

ചെറുതോണി: 2018ലെ പ്രളയത്തിൽ തകർന്ന ചാലിസിറ്റി–ന്യൂമൗണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതി. മരിയാപുരം ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ സംരക്ഷണഭിത്തിയാണ് കാലവർഷക്കെടുതിയിൽ തകർന്നത്.

സംരക്ഷണഭിത്തിയുടെ തകർന്ന ഭാഗം പുനർനിർമിക്കാതെ വർഷങ്ങളായി തുടരുന്നതിനിടെ ബാക്കിയുള്ള ഭാഗത്തിനും ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ കെട്ടിന്റെ കൂടുതൽ ഭാഗം തകരാനും റോഡിന്റെ സുരക്ഷ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.

ന്യൂമൗണ്ട് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന ആശ്രയിക്കുന്ന പ്രധാന റോഡാണിത്. സംരക്ഷണഭിത്തി കൂടുതൽ തകരുകയും റോഡിന്റെ ഭാഗം ഇടിയുകയും ചെയ്താൽ ഗതാഗതം തടസ്സപ്പെടുകയും പ്രദേശം ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം, സംരക്ഷണഭിത്തി പുനർനിർമിക്കുന്നതിന് മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ പരിമിതമായ ഫണ്ട് മതിയാകില്ലെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ജോൺ പറയുന്നത്. സംസ്ഥാന സർക്കാരിൽനിന്ന് ആവശ്യമായ തുക അനുവദിച്ചാൽ മാത്രമേ വലിയ തോതിലുള്ള പുനർനിർമാണം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അവികസിത മേഖലയായ ന്യൂമൗണ്ടിലേക്കുള്ള പ്രധാന ഗതാഗതമാർഗങ്ങളിലൊന്നാണ് ചാലിസിറ്റി–ന്യൂമൗണ്ട് റോഡ്. ഓരോ മഴക്കാലത്തും സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗം കൂടി തകരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.2018ലെ പ്രളയത്തിൽ തകർന്ന ഭിത്തി എട്ട് വർഷം പിന്നിട്ടിട്ടും പുനർനിർമിക്കാത്ത സാഹചര്യത്തിൽ, റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed