Last Updated on 21 Aug 2026 • 1:52 AM by Openzone Online

തൃശ്ശൂർ: തുടർഭരണം സംഘടനയുടെ സമരവീര്യത്തെയും പ്രവർത്തനങ്ങളെയും പിന്നോട്ടടിച്ചെന്ന സ്വയംവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ സംഘടനാറിപ്പോർട്ട്. ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സമരോർജം കുറഞ്ഞുവെന്ന പൊതുവിമർശനത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന വിലയിരുത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
യുവജന വിഷയങ്ങൾ ഏറ്റെടുത്ത് കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും സംഘടനയെ പുതിയ തലമുറയിലേക്ക് കൂടുതൽ അടുപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ‘പാറ്റ’കളുടെ സമരമാതൃക പിന്തുടർന്ന് യുവാക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സംഘടന സജീവമായി തിരിച്ചുവരണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.

സംഘടനയുടെ കീഴ്ഘടകങ്ങൾക്ക് തനത് കാമ്പയിനുകൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ നേതാക്കൾക്കിടയിലെ വിഭാഗീയതയും സംഘടനാ പ്രവർത്തനത്തെ ബാധിച്ചെന്ന് സംസ്ഥാന സമ്മേളനം വിലയിരുത്തി.
എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നെങ്കിലും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ ഘടകങ്ങളിലൊന്നായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
അതേസമയം, സംഘടനയ്ക്കുള്ളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സമ്മേളനം സ്വീകരിച്ചത്. ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിൽ നിന്ന് പൂർണമായും മാറ്റിനിർത്തണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
തൊടുപുഴയിൽ മേഖലാ സെക്രട്ടറിയെ രാസലഹരിയുമായി പൊലീസ് പിടികൂടിയ സംഭവവും റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിച്ചു. സംഭവം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി.

യുവജന വിഷയങ്ങളിൽ കൂടുതൽ ശക്തമായി ഇടപെട്ടും സംഘടനയ്ക്കുള്ളിലെ വീഴ്ചകൾ തിരുത്തിയും യുവാക്കളെ കൂടുതൽ അടുപ്പിച്ച് ഡി.വൈ.എഫ്.ഐക്ക് പുതിയ ഊർജത്തോടെ മുന്നോട്ടുപോകണമെന്ന നിർദേശത്തോടെയാണ് സംഘടനാറിപ്പോർട്ട്. നടൻ പ്രകാശ് രാജ് ആണ് പതിനാറാം സമ്മേളനം ഉദ്ഘാടനം ചെയ്തത്.

