Last Updated on 20 Aug 2026 • 6:38 AM by Openzone Online

ആലുവ : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ വാൻ റോഡരികിൽ സുരക്ഷിതമായി ഒതുക്കിനിർത്തി കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു.
ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുന്നത്തേരി എസ്.എൻ.ഡി.പി റോഡിലായിരുന്നു സംഭവം.
കമ്പനിപ്പടി ഫസ്റ്റ് ക്രൈ ഇന്റലിജൻസ് പ്രീ സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായ കോളനിപ്പടി കരിങ്ങാട്ടിൽ വീട്ടിൽ ജോജു സാമുവൽ (61) ആണ് മരിച്ചത്.

യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട ജോജു വാഹനം ഒതുക്കിനിർത്തിയ ശേഷം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി വിവരം പറയുകയായിരുന്നു. തൊട്ടുപിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിൽ കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സ്കൂൾ അധികൃതർ മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.
കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമാണ് ജോജു മരണത്തിന് കീഴടങ്ങിയത് എന്നത് സംഭവത്തിന്റെ വേദന കൂടുതൽ ആഴത്തിലാക്കുന്നു.
ഭാര്യ: മോളിക്കുട്ടി. സംസ്കാരം ശനിയാഴ്ച ആലുവ യു.സി. കോളേജിന് സമീപത്തെ ബ്രദറൻ സെമിനാരിയിൽ നടക്കും.

