Last Updated on 01 Nov 2026 • 7:58 AM by Openzone Online

മുണ്ടക്കയം: ദേശീയപാത 183ൽ മുണ്ടക്കയം ചോറ്റി ജംഗ്ഷനിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആണ് അപകടം നടന്നത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
മുണ്ടക്കയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. ഇതോടെ ഓട്ടോറിക്ഷ തെന്നിമാറുകയും പിന്നാലെ എത്തിയ വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയുമായിരുന്നു.
അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ മുൻഭാഗവും പിൻഭാഗവും തകർന്നു. ഒരു കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. മറ്റൊരു കാറിന്റെ പിൻഭാഗവും തകർന്നു. ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങളുടെ ഭാഗങ്ങൾ റോഡിൽ ചിതറിക്കിടന്നു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ തിരക്കും പരിഭ്രാന്തിയും ഉണ്ടായി.
പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്തിയാറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

