OpenZone Banner

Last Updated on 23 Aug 2026 • 2:17 AM by Openzone Online

Advertisement

തിരുവനന്തപുരം: ഇ.ഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവ് ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള പോലീസിന്റെ നീക്കം വിവാദത്തിൽ.

സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുകയാണെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി ആരംഭിച്ചതെന്നാണ് വിവരം. മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ ബിനു ഊഞ്ഞാലാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇ.ഡി ആക്രമണക്കേസിൽ ജാമ്യത്തിലിറങ്ങിയ ബിനു, ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമാണ് ആഘോഷങ്ങളിൽ പങ്കെടുത്തതെന്നാണ് വിവരം.

പൊലീസുകാരുടെ ഓണാഘോഷത്തിന് സമാനമായ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ബിനുവും ധരിച്ചിരുന്നത്. നഗരത്തിലെ കടയിൽനിന്ന് പൊലീസുകാർക്കൊപ്പം ബിനുവിനും വസ്ത്രം വാങ്ങിയെന്നും ഒരു കോൺസ്റ്റബിൾ വസ്ത്രം കൈമാറിയെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ബിനുവിനെ ഓണാഘോഷത്തിന് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.

വസ്ത്രത്തിന്റെ നിറം ഒരുപോലെയായത് യാദൃശ്ചികമാണെന്നും ബിനു വ്യക്തമാക്കിയിട്ടുണ്ട്.‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’ എന്ന കുറിപ്പോടെയാണ് ബിനു ഊഞ്ഞാലാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സ്റ്റേഷനു മുന്നിൽ പൊലീസുകാർ നോക്കിനിൽക്കെ പ്രതി ഊഞ്ഞാലാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ രാഷ്ട്രീയ പ്രതിഷേധവും ശക്തമായി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഡിജിപി റാവാഡ എ. ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചത്.

സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ. പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇ.ഡി ആക്രമണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിനെ കഴിഞ്ഞദിവസം തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.സംഭവം വിവാദമായതിന് പിന്നാലെ സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ പോലീസ് അഴിച്ചുമാറ്റുകയും ചെയ്തു.

ഇതിനിടെ ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള നടപടികളാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്.ഒരു ഓണാഘോഷത്തിനിടെ പ്രതി ഊഞ്ഞാലാടിയതും സ്റ്റേഷനിലെ സാന്നിധ്യവും മാത്രം ജാമ്യം റദ്ദാക്കാനുള്ള നടപടിക്ക് മതിയായ കാരണമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം, സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പോലീസിന്റെ വിലയിരുത്തലാണ് ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിവരം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed