Last Updated on 24 Aug 2026 • 2:07 PM by Openzone Online

ചെറുതോണി:ഇടുക്കി ജില്ലാ ആസ്ഥാനത്ത് സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന എസ്.ബി.ഐയുടെ എ.ടി.എം. വൈദ്യുതി വിച്ഛേദിച്ചതോടെ പ്രവർത്തനരഹിതമായി. വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി. എ.ടി.എമ്മിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു.
ഓണം ആഘോഷങ്ങൾക്കായി പണം പിൻവലിക്കാനെത്തിയ നിരവധി പേരാണ് എ.ടി.എം. പ്രവർത്തിക്കുന്നില്ലെന്നറിഞ്ഞ് ബുദ്ധിമുട്ടിലായത്. ജില്ലാ ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും സമീപ പ്രദേശങ്ങളിലുള്ളവരും പണം പിൻവലിക്കാൻ ഈ എ.ടി.എമ്മിനെ ആശ്രയിച്ചിരുന്നു. കാലങ്ങളായി എ.ടി.എമ്മിന്റെ പ്രവർത്തനത്തിലും പരിപാലനത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇപ്പോൾ എ.ടി.എമ്മിന് മുന്നിൽ ‘ATM പ്രവർത്തിക്കുന്നില്ല’ എന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പതിച്ചിരിക്കുകയാണ്.
ഓണം അടുത്തിരിക്കെ എ.ടി.എം. പ്രവർത്തനം നിലച്ചത് സാധാരണക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്. വൈദ്യുതി ചാർജ് കുടിശിക അടച്ച് എ.ടി.എം. എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

