Last Updated on 01 Nov 2026 • 2:50 AM by Openzone Online

Advertisement

ഉപ്പുതറ: വിൽപ്പനയ്ക്കായി അനധികൃതമായി കടത്തിക്കൊണ്ടുപോയ ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഈറ്റക്കാനം ഉപ്പുതറ കരയിൽ കുരുവിക്കാട്ടിൽ സുകുമാരന്റെ മകൻ ആശിർവാദ് സുനിൽ (23) ആണ് ഉപ്പുതറ പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാവറ ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. അനധികൃതമായി മദ്യം കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മദ്യവും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഉപ്പുതറ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് മാറ്റും.

അതേസമയം, പ്രദേശങ്ങളിൽ അനധികൃത മദ്യവിൽപ്പന വ്യാപകമാകുന്നതായുള്ള ആക്ഷേപങ്ങളും ശക്തമാണ്. ബിവറേജസ് ഔട്ട്ലെറ്റുകൾ ഉൾപ്പെടെയുള്ള മദ്യവിൽപ്പന കേന്ദ്രങ്ങളിൽനിന്ന് ഉദ്യോഗസ്ഥരുടെ അറിവോടെയും ഒത്താശയോടെയുമാണ് ചിലർ മദ്യം ശേഖരിച്ച് മറിച്ചുവിൽപ്പന നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുകയോ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകുകയോ ചെയ്യാതെ വിഷയങ്ങൾ പിന്നീട് മങ്ങിപ്പോകുന്നതായും വിമർശനമുണ്ട്.

ചില്ലറ വിൽപ്പനയ്ക്കായി മദ്യം കടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം അനധികൃത മദ്യവിൽപ്പനയുടെ ഉറവിടവും മദ്യം എത്തിക്കുന്ന ശൃംഖലയും കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഔട്ട്ലെറ്റുകളിൽനിന്നുള്ള മദ്യവിതരണത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ ബന്ധപ്പെട്ട എക്സൈസ് അധികൃതർ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed