Last Updated on 07 Nov 2026 • 1:32 PM by Openzone Online

Advertisement

നെടുങ്കണ്ടം: യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് കൃത്യസമയത്ത് സഹായമെത്തിച്ച് ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ആരോഗ്യപ്രവർത്തകയെയും ആദരിച്ചു. കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് കട്ടപ്പന–മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ മുണ്ടിയെരുമ സ്വദേശിയായ യാത്രക്കാരൻ കുഴഞ്ഞുവീണത്. യാത്രക്കാരന്റെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമയം പാഴാക്കാതെ ബസ് ജീവനക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. മറ്റ് യാത്രക്കാരെ വിവരമറിയിച്ച ശേഷം ഡ്രൈവർ അനൂപും കണ്ടക്ടർ ബാനർജിയും ചേർന്ന് ബസ് കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

ഇതിനിടെ ബസിലുണ്ടായിരുന്ന കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡർ ഉഷാകുമാരി യാത്രക്കാരന് സി.പി.ആർ നൽകി പ്രഥമശുശ്രൂഷയും നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയും അവർ എത്തിയതിനുശേഷം മാത്രമാണ് ബസ് യാത്ര പുനരാരംഭിക്കുകയും ചെയ്തത്.

അപകടഘട്ടത്തിൽ മനുഷ്യത്വവും ഉത്തരവാദിത്വവും കൈവിടാതെ ഇടപെട്ട അനൂപ്, ബാനർജി, ഉഷാകുമാരി എന്നിവരെയാണ് ആദരിച്ചത്. നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സേനാവതി വേണു എം.എൽ.എ മൂന്നുപേരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് എം.എസ്. മഹേശ്വരൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ. എം.എൻ. ഗോപി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീൻ ഈട്ടിക്കൽ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് റെജി ആശാരികണ്ടം, ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് ജോർജ്, വിവിധ പാർട്ടി ഭാരവാഹികൾ, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *