Last Updated on 06 Nov 2026 • 2:15 PM by Openzone Online

ചെറുതോണി: ഇടുക്കി ജില്ലാ വിമൻസ് കൗൺസിലിന്റെ സുവർണ ജൂബിലി സമ്മേളനം നവംബർ 10ന് രാവിലെ 10.30ന് പൈനാവ് ഗിരിറാണി ഹോസ്റ്റലിൽ നടക്കും. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലളിതമായ രീതിയിൽ പ്രവർത്തനമാരംഭിച്ച വിമൻസ് കൗൺസിൽ, സ്റ്റാളുകൾ നടത്തിയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും വളർന്ന് ഇന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ആശ്രയകേന്ദ്രമായി മാറിയിരിക്കുകയാണ്. ഗാർഹിക പീഡനങ്ങൾ ഉൾപ്പെടെ വിവിധ പ്രതിസന്ധികൾ നേരിടുന്ന നിരവധി സ്ത്രീകൾക്ക് പുതുജീവിതം നൽകാൻ കൗൺസിലിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായങ്ങൾ നൽകുകയും ഇവരിൽ പലർക്കും ഇന്ന് സർക്കാർ സർവീസിൽ ഉൾപ്പെടെ ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 30 സ്ത്രീകളുടെ വിവാഹത്തിനും കൗൺസിൽ സഹായം നൽകിയിട്ടുണ്ട്. നിരവധി പേർക്ക് വീടുകൾ നിർമിച്ചുനൽകുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലാ വിമൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ഗിരിറാണി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, തേജസ് വർക്കിംഗ് ഹോസ്റ്റൽ, സ്വധാർ ഗ്രഹ് ഷെൽട്ടർ ഹോം, സർവീസ് പ്രൊവൈഡിംഗ് സെന്റർ, വനിതാ ലൈബ്രറി, കൗൺസിലിംഗ് സെന്റർ, ടൈലറിംഗ് യൂണിറ്റ്, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ചെലവഴിക്കുന്നത്. പ്രതിഫലമില്ലാതെ വീട്ടമ്മമാരായ സ്ത്രീകളാണ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.സംസ്ഥാനതലത്തിൽ ഗവർണർ രക്ഷാധികാരിയും ഗവർണറുടെ ഭാര്യ പ്രസിഡന്റുമായാണ് വിമൻസ് കൗൺസിൽ പ്രവർത്തിക്കുന്നത്.
ജില്ലാതലത്തിൽ കളക്ടർമാർ രക്ഷാധികാരികളും അവരുടെ ഭാര്യമാർ പ്രസിഡന്റുമാരുമാണ്. ഇടുക്കിയിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് രക്ഷാധികാരി. ഭാര്യ ഡോ. പി. ശ്രീകല പ്രസിഡന്റുമാണ്.ഡോ. പി. ശ്രീകല അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടുക്കി ജില്ലാ വിമൻസ് കൗൺസിലിന്റെ തൊടുപുഴ യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ചീഫ് വിപ്പ് അബു ജോൺ നിർവഹിക്കും.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോക്യുമെന്ററിയുടെ ലോഞ്ചിംഗ് റോയി കെ. പൗലോസ് എം.എൽ.എ. നിർവഹിക്കും.എം.എൽ.എമാരായ എഫ്. രാജ, സേനാപതി വേണു, സിറിയക് തോമസ്, പ്രൊഫ. ഷീല സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും. ഭാരവാഹികളായ റിൻസി ജോസ്, ഷാന്റി ബാബു, ജോസി മാക്സിൻ, ആൻസമ്മ ജോസഫ് എന്നിവരും സംബന്ധിക്കും.

