Last Updated on 21 Oct 2026 • 2:52 PM by Openzone Online

കട്ടപ്പന: ബസ്തറിലെ ഗോത്രസമൂഹങ്ങളുടെ ജീവിതവും പ്രകൃതിയുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധവും അധികാരരാഷ്ട്രീയത്തിന്റെ ഇരുണ്ട യാഥാർഥ്യങ്ങളും പ്രമേയമാകുന്ന അരുൺ സെബാസ്റ്റ്യന്റെ ജൽ, ജംഗൽ, ജമീൻ എന്ന നോവൽ പ്രകാശനം ചെയ്തു.
മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം കട്ടപ്പനയിലെ വൈ.എം.സി.എ. ഹാളിൽ ദർശനയുടെ വേദിയിൽ നടന്ന ചടങ്ങിൽ നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശനം ചെയ്തു. നോവലിസ്റ്റ് പുഷ്പമ്മ പുസ്തകം ഏറ്റുവാങ്ങി. ജോസ് കോനാട്ട് പുസ്തകം പരിചയപ്പെടുത്തി. മോബിൻ മോഹൻ സംസാരിച്ചു.
പതിവ് പുസ്തകപ്രകാശന ചടങ്ങുകളിൽനിന്ന് വ്യത്യസ്തമായി, പുസ്തകത്തെക്കുറിച്ചുള്ള അക്കാദമിക സംവാദത്തിന്റെ വേദിയായി ചടങ്ങ് മാറി. നോവലിന്റെ പ്രമേയവും ഗോത്രസമൂഹങ്ങളുടെ ജീവിതപരിസരവും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായുള്ള ബന്ധവും ചർച്ചയിൽ ശ്രദ്ധേയമായി.

ഒരു സ്ത്രീപക്ഷ, ജെൻഡർ സൗഹൃദ, മനുഷ്യപക്ഷ രചനയായാണ് ജൽ, ജംഗൽ, ജമീൻ അനുഭവപ്പെട്ടതെന്ന് പുസ്തകം പ്രകാശനം ചെയ്ത ജെ. ശൈലജ അഭിപ്രായപ്പെട്ടു. പ്രകൃതിയുമായുള്ള ആഴമേറിയ ബന്ധത്തിൽനിന്നും പ്രകൃതിയോടുള്ള ഭയബഹുമാനങ്ങളിൽനിന്നും മനുഷ്യർ പ്രകൃതിക്ക് തിരികെ നൽകേണ്ടതുണ്ടെന്ന ഉറച്ച വിശ്വാസത്തിൽനിന്നുമാണ് ഗോത്രസമൂഹങ്ങളുടെ ജീവിതവീക്ഷണവും സാംസ്കാരികബോധവും രൂപപ്പെടുന്നതെന്ന് നോവൽ വായനക്കാരെ ബോധ്യപ്പെടുത്തുന്നുവെന്നും അവർ വിലയിരുത്തി.
ഛത്തീസ്ഗഢിലെ ബസ്തറിന്റെ പശ്ചാത്തലത്തിൽ, പ്രകൃതിയുടെ പച്ചപ്പിൽനിന്ന് വരൾച്ചയിലേക്കും ശൂന്യതയിലേക്കും മാറുന്ന പരിസ്ഥിതിക്കൊപ്പം ഒരു ജനതയുടെ ജീവിതവും സ്വപ്നങ്ങളും തകർന്നുവീഴുന്ന അവസ്ഥയാണ് നോവൽ വരച്ചുകാട്ടുന്നത്. ഭയം, ഒറ്റപ്പെടൽ, അധികാരത്തിന്റെ കടന്നുകയറ്റം, നിരാശ്രയത്വം എന്നിവയ്ക്കിടയിൽ ജീവിക്കേണ്ടിവരുന്ന ഗോത്രജനതയുടെ ദുരന്തജീവിതമാണ് കൃതിയുടെ കേന്ദ്രപ്രമേയം.
സങ്കൽപ്പഗ്രാമമായ നീൽഗൊണ്ടയും അവിടത്തെ മനുഷ്യരും പ്രകൃതിയും ദൈവസങ്കൽപ്പങ്ങളും സംഗമിക്കുന്ന ജൊവാരിയ കുന്നും നോവലിന്റെ പ്രധാന പശ്ചാത്തലങ്ങളാണ്. ഹീരാമുനിയിൽ തുടങ്ങി മീരയിൽ അവസാനിക്കുന്ന സ്ത്രീകഥാപാത്രങ്ങളിലൂടെയും അവരെ ചുറ്റിപ്പറ്റിയുള്ള മനുഷ്യജീവിതങ്ങളിലൂടെയും ഗോത്രസമൂഹം നേരിടുന്ന സംഘർഷങ്ങൾ നോവൽ അവതരിപ്പിക്കുന്നു.

ഭരണകൂടവും സാൽവ ജൂഡും നക്സലൈറ്റ് പ്രസ്ഥാനങ്ങളും ഉൾപ്പെടുന്ന സംഘർഷങ്ങളുടെ ത്രികോണത്തിൽ അകപ്പെട്ട ജനതയുടെ ദുരവസ്ഥയുടെ രേഖാചിത്രമായാണ് കൃതി വായിക്കപ്പെടുന്നത്. ബസ്തറിൽ താൻ ജീവിച്ച കാലഘട്ടത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ആധാരമാക്കിയാണ് അരുൺ സെബാസ്റ്റ്യൻ നോവൽ രചിച്ചിരിക്കുന്നത്.
ഐതിഹ്യവും യാഥാർഥ്യവും ഫാന്റസിയും ചരിത്രവും പ്രണയവും കലഹവും ഗോത്രാചാരങ്ങളും ഇഴചേരുന്ന ആഖ്യാനശൈലിയാണ് പുസ്തകത്തിന്റെ പ്രത്യേകതയെന്നും ശൈലജയുടെ കുറിപ്പിൽ പറയുന്നു. ഗോത്രസംസ്കാരത്തിന്റെ തനിമയും പ്രകൃതിയുമായുള്ള സഹവർത്തിത്വവും അധികാരരാഷ്ട്രീയത്തിന്റെ ആഘാതങ്ങളും ചർച്ചയാകുന്ന നോവൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന കൃതിയാണെന്നും അവർ വിലയിരുത്തി.
ഗോത്രസമൂഹങ്ങളുടെ സാംസ്കാരിക സ്വത്വത്തെയും മതപരവും സാമൂഹികവുമായ ജീവിതരീതികളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും പുസ്തകം മുന്നോട്ടുവയ്ക്കുന്നു.നോവൽ കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെയെന്നും അരുൺ സെബാസ്റ്റ്യന് എല്ലാ ആശംസകളും നേരുന്നതായും ജെ. ശൈലജ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

