Last Updated on 26 Sep 2026 • 12:48 AM by Openzone Online

Advertisement

തിരുവനന്തപുരം: ബസ്തറിലെ മനുഷ്യജീവിതത്തിന്റെയും അവിടുത്തെ സംഘർഷഭരിതമായ സാമൂഹിക യാഥാർഥ്യങ്ങളുടെയും നേർചിത്രവുമായി അരുൺ സെബാസ്റ്റ്യൻ എഴുതിയ ‘ജൽ ജംഗൽ ജമീൻ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഓൺലൈൻ മാധ്യമങ്ങളിലൂടെ നടന്നു. ദിലീപ് ദിവാകരനാണ് പുസ്തകത്തിന്റെ കവർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.

“സ്വന്തം ഗ്രാമത്തിലേക്ക് തിരികെ പോകാൻ കഴിയുമെന്നുള്ള വിശ്വാസമൊക്കെ പണ്ടേ നഷ്ടപ്പെട്ടു” — പുസ്തകത്തിന്റെ പുറംചട്ടയിൽ ഇടംപിടിച്ചിരിക്കുന്ന ഈ വരികൾ ബസ്തറിലെ സംഘർഷഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ ഭീതിയും നിസ്സഹായതയും വരച്ചുകാട്ടുന്നു. അധികാരവർഗത്തിന്റെ തോക്കുകൾക്കും തീവ്രവിപ്ലവത്തിന്റെ തോക്കുകൾക്കും ഇടയിൽ സ്വന്തം മണ്ണിൽ പിടഞ്ഞുതീർന്ന മനുഷ്യരുടെ ജീവിതവും ചോരയും അതിജീവനത്തിന്റെ കഥകളും ‘ജൽ ജംഗൽ ജമീൻ’ അവതരിപ്പിക്കുന്നു.

കാടും ഭൂമിയും ജീവിതവും അവകാശങ്ങളും ചുറ്റിപ്പറ്റിയുള്ള ബസ്തറിന്റെ സാമൂഹിക പശ്ചാത്തലത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കൃതിയാണ് ‘ജൽ ജംഗൽ ജമീൻ’. പുറംചട്ടയിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നതുപോലെ, ബസ്തറിലെ ഗ്രാമങ്ങളുടെയും അവിടുത്തെ മനുഷ്യരുടെയും വേദനകൾ മാത്രമല്ല, അവരുടെ ഓർമ്മകളും ഭയങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും കൂടി പുസ്തകം മുന്നിലെത്തിക്കുന്നു.

കവർ പ്രകാശനത്തിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. സാഹിത്യകാരായ പുഷ്പമ്മ, മോബിൻ മോഹനൻ, സുനു എസ്. തങ്കമ്മ, ഇ. ജെ. ജോസഫ്, സുഗതൻ കരുവാറ്റ, കാഞ്ചിയാർ രാജൻ, ജബീറ ബീഗം, ജ്യോതിസ് എസ്., സൗമ്യ ചന്ദ്രശേഖരൻ, കെ. ജയചന്ദ്രൻ, ഷേർലി മണാലിൽ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. മാതൃഭൂമി ബുക്സാണ് ‘ജൽ ജംഗൽ ജമീൻ’ പ്രസിദ്ധീകരിക്കുന്നത്. ഇടുക്കി പെരിഞ്ചാൻ കുട്ടി സ്വദേശിയായ അരുൺ സെബാസ്റ്റ്യൻ്റെ മൂന്നാമത്തെ നോവൽ ആണ് ഇത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed