Last Updated on 16 Oct 2026 • 10:17 PM by Openzone Online

Advertisement

കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ രചിച്ച ‘ജൽ ജംഗൽ ജമീൻ’ എന്ന നോവൽ ഇന്ന് (ശനിയാഴ്ച) രാവിലെ 10.30ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിലെ വൈ.എം.സി.എ. ഹാളിൽ പ്രകാശനം ചെയ്യും. ദർശനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശനകർമം നിർവഹിക്കും.

നോവലിസ്റ്റ് പുഷ്പമ്മ ആദ്യപ്രതി ഏറ്റുവാങ്ങും. ജോസ് കോനാട്ട് പുസ്തകപരിചയം നടത്തും.ഖനി മാഫിയകളും നക്സലൈറ്റുകളും അവരെ നേരിടാൻ നിയോഗിക്കപ്പെട്ട പൊലീസ് ഏറ്റുമുട്ടൽ സംഘവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ജീവിതം പ്രതിസന്ധിയിലായ ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതമാണ് നോവലിന്റെ പ്രമേയം.

ഗോത്രജനതയുടെ ജീവിതവും അതിജീവനവും സാമൂഹിക സംഘർഷങ്ങളും വസ്തുനിഷ്ഠമായി ആവിഷ്കരിക്കുന്ന കൃതിയുടെ പ്രസാധകർ മാതൃഭൂമി ബുക്സാണ്. നോവലിലെ കഥാപാത്രങ്ങളെ ക്ലിനിക്കൽ മനഃശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ വിശകലനം ചെയ്യുന്ന പഠനവും ശ്രദ്ധേയമാണ്. ദീർഘകാലത്തെ ക്രൂരതകളും മാനസികാഘാതങ്ങളും വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് പഠനം പരിശോധിക്കുന്നത്.

കോംപ്ലക്സ് പി.ടി.എസ്.ഡി, കൂട്ടായ മാനസികാഘാതം, അതിജീവനം, ആഘാതാനന്തര വളർച്ച, അനിശ്ചിതമായ നഷ്ടം തുടങ്ങിയ മനഃശാസ്ത്ര ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഹിരാമുനി, മീര, ദുലാർസിംഗ്, രാജേശ്വരി തുടങ്ങിയ കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾ പഠനത്തിൽ വിലയിരുത്തുന്നു. വ്യക്തികളുടെ മാനസികാഘാതങ്ങൾക്ക് പിന്നിലെ സാമൂഹിക സാഹചര്യങ്ങളും അനീതികളും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യമാണ് നോവൽ മുന്നോട്ടുവയ്ക്കുന്നത്. ഗോത്രജനത നേരിടുന്ന പ്രതിസന്ധികളും സാമൂഹിക നീതിക്കായുള്ള പോരാട്ടവും അടയാളപ്പെടുത്തുന്ന കൃതിയായി ‘ജൽ ജംഗൽ ജമീൻ’ ശ്രദ്ധ നേടുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed