OpenZone Banner

Last Updated on 04 Sep 2026 • 10:31 AM by Openzone Online

Advertisement

മൂന്നാർ:കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാണ്ട്യൻ. ഇടുക്കി കന്നിമല എസ്റ്റേറ്റിലെ ലയത്തിൽ വർഷങ്ങളായി താമസിക്കുന്ന പാണ്ട്യനാണ് ഇന്ന് രാവിലെ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാട്ടാനകൾ പിന്നാലെ പാഞ്ഞെത്തുന്നതിനിടെ ജീവനും കൊണ്ടുള്ള ഓട്ടത്തിനൊടുവിലാണ് പാണ്ട്യൻ രക്ഷപ്പെട്ടത്.

കന്നിമല എസ്റ്റേറ്റിലെ എതിർ മലയിൽ നിന്ന് പ്രദേശവാസികൾ വിളിച്ച് കാട്ടാനകൾ ലയത്തിന് സമീപത്തേക്ക് എത്തിയതായി അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ പാണ്ട്യൻ പുറത്തിറങ്ങി ഓടുകയായിരുന്നു. പിന്നാലെ കാട്ടാനകളും പാഞ്ഞെത്തി.ഓട്ടത്തിനിടെ ഒരു നിമിഷം പോലും പിഴച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നുവെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

ഓട്ടത്തിനിടെ പാണ്ട്യൻ വഴുതി വീണിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ആശങ്കയോടെയാണ് ഈ ദൃശ്യങ്ങൾ കേരളം കണ്ടത്. സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാകുമ്പോഴും മനുഷ്യരും വന്യജീവികളും സൗഹൃദത്തോടെ കഴിയണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. എന്നാൽ ജനവാസ മേഖലകളിലേക്ക് വന്യജീവികൾ നിരന്തരം ഇറങ്ങുകയും മനുഷ്യരുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ എങ്ങനെയാണ് മനുഷ്യനും വന്യജീവികളും സൗഹൃദത്തോടെ കഴിയുക? എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതേ ചോദ്യം കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കിഫാ ചെയർമാൻ അഡ്വക്കേറ്റ് അലക്സ് ഒഴുകയിൽ ഉന്നയിച്ചിരുന്നു. കാട്ടാനയോടും പുലിയോടും മനുഷ്യന് എങ്ങനെയാണ് ചങ്ങാത്തത്തിലാകാൻ കഴിയുക? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ആ ചോദ്യം ഉയർന്ന് മണിക്കൂറുകൾക്കകം തന്നെയാണ് മനുഷ്യ–വന്യജീവി സംഘർഷത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സംഭവം കന്നിമലയിൽ അരങ്ങേറിയത്.

അതേസമയം, ജനവാസ മേഖലകളിലേക്ക് വന്യജീവികൾ ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന് പകരം പുതിയ വന്യജീവി ഇടനാഴികളും ആനത്താരകളും സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വന്യജീവി സംരക്ഷണവും ആവശ്യമാണ്. എന്നാൽ മനുഷ്യരുടെ വീടുകളിലേക്കും ലയങ്ങളിലേക്കും കാട്ടാനകൾ എത്തുന്ന സാഹചര്യം തുടർന്നുകൊണ്ടിരിക്കെ, മനുഷ്യനും വന്യജീവിയും തമ്മിലുള്ള സൗഹൃദം എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ട സമയമാണിത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed