Last Updated on 30 Sep 2026 • 6:28 AM by Openzone Online

Advertisement

ചെറുതോണി: റോഡരികിൽ കിടന്ന സ്വർണച്ചെയിൻ കണ്ടപ്പോൾ ഉടമയെ കണ്ടെത്താനുള്ള വഴിയാണ് ആൽഡ്രിൻ ജിൻസൺ തേടിയത്. ഒടുവിൽ വാട്സ്ആപ്പ് സന്ദേശത്തിലൂടെ ഉടമയെ കണ്ടെത്തി ആറു ഗ്രാം തൂക്കമുള്ള സ്വർണച്ചെയിൻ സുരക്ഷിതമായി തിരികെ ഏൽപ്പിച്ച് എട്ടാം ക്ലാസുകാരൻ ആൽഡ്രിൻ മാതൃകയായി.

ഭൂമിയാംകുളം കരുപ്പാകുടിയിൽ ജിൻസൺ–അമ്പിളി ദമ്പതികളുടെ മകനായ ആൽഡ്രിന് കഴിഞ്ഞ ദിവസം രാവിലെ ഇടവക പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡിൽ സ്വർണച്ചെയിൻ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

സമീപത്തുണ്ടായിരുന്നവരോട് അന്വേഷിച്ചെങ്കിലും ഉടമയെക്കുറിച്ച് വിവരം ലഭിച്ചില്ല.ചെയിൻ വീട്ടിലെത്തിച്ച ആൽഡ്രിൻ അത് മാതാവിനെ ഏൽപ്പിച്ചു. തുടർന്ന് ഭൂമിയാംകുളം ഇടവക വികാരി ഫാ. ജിബിൻസ് കൊച്ചോഴത്തിലിനെ വിവരമറിയിച്ചു. നഷ്ടപ്പെട്ട ആഭരണത്തിന്റെ ഉടമയെ കണ്ടെത്താൻ പ്രദേശവാസികളിൽ അന്വേഷിക്കാനും, ആവശ്യമെങ്കിൽ പള്ളിയിലൂടെ വിവരം അറിയിക്കാനും തീരുമാനിച്ചു.

അതിനിടെയാണ് സ്വർണാഭരണം നഷ്ടപ്പെട്ടതായി അറിയിച്ചുള്ള ഉടമയുടെ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ശ്രദ്ധയിൽപ്പെട്ടത്. സന്ദേശത്തിലൂടെ ഉടമയെ തിരിച്ചറിഞ്ഞതോടെ ആൽഡ്രിനും കുടുംബവും അവരുടെ വീട്ടിലെത്തി സ്വർണച്ചെയിൻ കൈമാറുകയായിരുന്നു.വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിന്റെ ഈ പ്രവർത്തനത്തിന് നാട്ടുകാരിൽനിന്നും അഭിനന്ദനമുയർന്നു. ഭൂമിയാംകുളം ഇടവക വികാരി ഫാ. ജിബിൻസ് കൊച്ചോഴത്തിൽ ആൽഡ്രിനെ ഉപഹാരം നൽകി അനുമോദിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed