Last Updated on 18 Nov 2026 • 10:41 AM by Openzone Online

ചെറുതോണി: യുവാക്കളെ രക്തദാന രംഗത്തേക്ക് കൂടുതൽ ആകർഷിക്കുകയും സ്ഥിരം രക്തദാതാക്കളുടെ കൂട്ടായ്മ രൂപീകരിക്കുകയും ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ചെറുതോണി യൂണിറ്റും ഹസ്ത ഫാർമാ ആൻഡ് സർജിക്കലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുതോണിയിലെ ഹസ്ത ഫാർമാ ആൻഡ് സർജിക്കലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം നിർവഹിച്ചു. യൂത്ത് വിങ് ചെറുതോണി യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് പി. ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ഡോ. ഹരികൃഷ്ണൻ, വനിതാ യൂണിറ്റ് പ്രസിഡന്റ് ആഗ്നെസ് ബേബി, ഭാരവാഹികളായ അജാസ് ഖാൻ, ഷിജോ സെബാസ്റ്റ്യൻ, എൽജ ടോമി, ദിമ്മ്യ എ. ഇ. തുടങ്ങിയവർ സംസാരിച്ചു. ഒറ്റത്തവണത്തെ രക്തദാനത്തിൽ മാത്രം ഒതുങ്ങാതെ സ്ഥിരമായി രക്തം നൽകാൻ സന്നദ്ധരായ യുവാക്കളെ കണ്ടെത്തി അവരെ തുടർച്ചയായി ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കും. തുടർന്ന് ഓരോ മൂന്നുമാസം കൂടുമ്പോഴും ഇവരെ നേരിട്ട് ബന്ധപ്പെടുകയും രക്തദാനത്തിന് സന്നദ്ധരായവരെ വീണ്ടും പങ്കെടുപ്പിക്കുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങളിൽ ഉൾപ്പെടെ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്ന സ്ഥിരം രക്തദാതാക്കളുടെ ശൃംഖല രൂപപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

