Last Updated on 19 Nov 2026 • 12:40 AM by Openzone Online

Advertisement

കുടുംബത്തിനുവേണ്ടി പകലന്തിയോളം അധ്വാനിച്ച്, രാത്രിയുടെ ഉറക്കം പോലും മാറ്റിവെച്ച് പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കും സന്തോഷത്തിനും വേണ്ടി ജീവിതം സമർപ്പിക്കുന്ന ഒരുപാട് പുരുഷന്മാരുണ്ട്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച് കുടുംബത്തിന്റെ ആവശ്യങ്ങൾക്കു മുൻഗണന നൽകുന്നവർ. സമൂഹത്തിനും രാജ്യത്തിനും വേണ്ടി വിയർപ്പൊഴുക്കുന്നവർ. എന്നാൽ പലപ്പോഴും ഇവരുടെ അധ്വാനവും ത്യാഗവും വേദനകളും ആരും കാണുന്നില്ല. കുടുംബത്തിന്റെ താങ്ങും തണലുമായി നിൽക്കുമ്പോഴും സ്വന്തം സങ്കടങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ ഉള്ളിൽ വീർപ്പുമുട്ടുന്ന ജീവിതങ്ങളായി പല പുരുഷന്മാരും മാറുകയാണ്. നവംബർ 19 അന്താരാഷ്ട്ര പുരുഷദിനമായി ആചരിക്കുമ്പോൾ ചർച്ചയാകേണ്ടത് ഇത്തരം ജീവിതങ്ങളുടെ കാണപ്പെടാത്ത വേദനകൾ കൂടിയാണ്.

സ്ത്രീശാക്തീകരണത്തിനും സ്ത്രീസുരക്ഷയ്ക്കുമായി രാജ്യത്തും സംസ്ഥാനത്തും നിരവധി പദ്ധതികളും നിയമസംവിധാനങ്ങളും വനിതാ കമ്മീഷനുകളും പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതോടൊപ്പം പുരുഷന്മാരുടെ പ്രശ്നങ്ങളും അവകാശങ്ങളും മാനസികാരോഗ്യവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്. പുരുഷന്മാരുടെ പരാതികൾ കേൾക്കാനും കുടുംബപ്രശ്നങ്ങളിലും നിയമപരമായ പ്രതിസന്ധികളിലും അവർക്ക് പിന്തുണ നൽകാനും പ്രത്യേക സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഇന്നും ശക്തമായി ഉയരുന്നുണ്ട്.

വിവാഹജീവിതത്തിലും കുടുംബബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ ചില കുടുംബങ്ങളിൽ പുരുഷൻ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചാൽ പോലും അതിനെ അധികാരപ്രയോഗമായോ നിയന്ത്രണശ്രമമായോ ചിത്രീകരിക്കുന്ന സാഹചര്യമുണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്. ഭാര്യയെ സഹായിക്കാനോ തെറ്റായ തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനോ ഒരു അഭിപ്രായം പറയുമ്പോൾ പോലും അത് വലിയ തർക്കങ്ങളിലേക്കും മാനസിക സംഘർഷങ്ങളിലേക്കും വഴിമാറുന്ന അനുഭവങ്ങൾ ചില പുരുഷന്മാർ പങ്കുവയ്ക്കുന്നു. കുടുംബത്തിൽ സ്വന്തം അഭിപ്രായം പറയാൻ പോലും ഭയപ്പെടേണ്ടിവരുന്ന അവസ്ഥ ഒരാളുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്.

പരാതികൾ നൽകാനുള്ള നിയമപരമായ അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ കുടുംബതർക്കങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും പേരിൽ ചിലർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായി പരാതികൾ ഉയരുന്ന സാഹചര്യവും ഗൗരവത്തോടെ കാണണം. പ്രത്യേകിച്ച് ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ തെറ്റായി ഉന്നയിക്കപ്പെട്ടാൽ ആരോപണവിധേയന്റെ സാമൂഹികജീവിതവും തൊഴിലും കുടുംബബന്ധങ്ങളും തകരാറിലാകാം. യഥാർത്ഥ പരാതികൾക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം നിരപരാധികൾ തെറ്റായ ആരോപണങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായിരിക്കണം. കുറ്റം തെളിയുന്നതിന് മുമ്പുതന്നെ ഒരാളെ സമൂഹം കുറ്റവാളിയായി മുദ്രകുത്തുന്ന പ്രവണതയും അവസാനിക്കേണ്ടതുണ്ട്.

പുരുഷന്മാരുടെ ജീവിതത്തിലെ മറ്റൊരു വലിയ പ്രതിസന്ധി മാനസിക സമ്മർദമാണ്. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം, ജോലി സ്ഥലത്തെ സമ്മർദം, കടബാധ്യതകൾ, മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങി നിരവധി ചുമതലകൾ ഒരേസമയം ചുമലിലേറ്റുന്ന പുരുഷന്മാർക്ക് സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കാൻ പോലും പലപ്പോഴും അവസരം ലഭിക്കുന്നില്ല. പുരുഷൻ കരയരുത്, തളരരുത്, തോൽക്കരുത്, കുടുംബത്തിന്റെ മുന്നിൽ എപ്പോഴും ശക്തനായിരിക്കണം എന്ന സാമൂഹിക കാഴ്ചപ്പാട് അവരുടെ മാനസിക സംഘർഷങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നു. ഉള്ളിലെ വേദന ആരോടും പറയാതെ ചിരിക്കുന്ന മുഖവുമായി ജീവിക്കുന്നവരും കുറവല്ല.

സ്ത്രീകൾക്കായി പ്രത്യേക കമ്മീഷനുകളും സംരക്ഷണ സംവിധാനങ്ങളും നിലവിലുള്ള സാഹചര്യത്തിൽ പുരുഷന്മാരുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന ഒരു സ്വതന്ത്ര സംവിധാനത്തിന്റെ ആവശ്യകതയും ചർച്ചയാകുന്നുണ്ട്. കുടുംബപ്രശ്നങ്ങളിൽ പുരുഷന്മാർക്കും തുല്യമായ നിയമപരിരക്ഷയും നീതിയും ഉറപ്പാക്കണം. പുരുഷന്മാരുടെ മാനസികാരോഗ്യം, കുടുംബജീവിതത്തിലെ അവകാശങ്ങൾ, ഗാർഹിക പീഡനങ്ങൾ നേരിടുന്ന പുരുഷന്മാർ, വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന ആവശ്യവും അവഗണിക്കാനാവില്ല.

അന്താരാഷ്ട്ര പുരുഷദിനത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ, 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിലെ ചരിത്ര അധ്യാപകനായ ഡോ. ജെറോം ടീലക്സിംഗ് ആണ് ഈ ദിനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചത്. പുരുഷന്മാരുടെ നല്ല മാതൃകകളെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക, കുടുംബത്തിനും സമൂഹത്തിനും അവർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുക, പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം ചർച്ച ചെയ്യുക, ലിംഗസമത്വവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

2026-ലെ അന്താരാഷ്ട്ര പുരുഷദിനത്തിന്റെ പ്രമേയം ‘The Future Is Everyone’ എന്നതാണ്. ഭാവി എല്ലാവരുടേതാണെന്നും പുരുഷന്മാരുടെ ക്ഷേമവും അംഗീകാരവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് പ്രധാനമാണെന്നുമുള്ള സന്ദേശമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

അന്താരാഷ്ട്ര പുരുഷദിനം സ്ത്രീകൾക്കെതിരെയോ സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെയോ ഉള്ള ഒരു ദിനമല്ല. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുപോലെ പുരുഷന്മാരുടെ അവകാശങ്ങളും വേദനകളും പരിഗണിക്കപ്പെടണമെന്ന ഓർമപ്പെടുത്തലാണിത്. ഒരു കുടുംബം മുന്നോട്ടുപോകാൻ സ്ത്രീയും പുരുഷനും ഒരുപോലെ പ്രധാനമാണ്. ഒരാളുടെ ത്യാഗം മാത്രം ആഘോഷിക്കപ്പെടുകയും മറ്റൊരാളുടെ അധ്വാനം നിസ്സാരവൽക്കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മാറണം.

കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം പോലും മറന്നുപോകുന്ന അച്ഛനും ഭർത്താവും മകനും സഹോദരനും അംഗീകാരം അർഹിക്കുന്നവരാണ്. അവനും സ്നേഹം ആഗ്രഹിക്കുന്നുണ്ട്, അവനും പരിഗണന വേണം, അവനും തളരാം, അവനും കരയാം. അവന്റെ കണ്ണീരിനും വിലയുണ്ട്. അവന്റെ വാക്കുകൾക്കും കുടുംബത്തിൽ സ്ഥാനമുണ്ടാകണം. പുരുഷൻ എന്നത് ഉത്തരവാദിത്വങ്ങൾ മാത്രം ചുമക്കേണ്ട ഒരു യന്ത്രമല്ല, വികാരങ്ങളും സ്വപ്നങ്ങളുമുള്ള ഒരു മനുഷ്യനാണ്.

പുരുഷന്മാരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ വേദനകൾ തിരിച്ചറിയാനും സമൂഹം തയ്യാറാകണം. കാരണം, ഒരു പുരുഷന്റെ ജീവിതം കൂടി സന്തോഷകരമാകുമ്പോഴാണ് ഒരു കുടുംബം പൂർണമാകുന്നത്. അതുകൊണ്ടുതന്നെ ഈ പുരുഷദിനം കേവലം ആശംസകൾ കൈമാറാനുള്ള ദിവസമല്ല, അവഗണിക്കപ്പെട്ടുപോകുന്ന ഒരുപാട് ജീവിതങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട ദിവസം കൂടിയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *