Last Updated on 29 Apr 2026 • 9:18 AM by Openzone Online
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള Iസൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികൾക്ക് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി സിം കാർഡുകൾ നൽകുന്നതിന് മുൻപ് നിർബന്ധിത ബയോമെട്രിക് പരിശോധന ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ശിപാർശ ചെയ്തു. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ എടുക്കുന്നത് തടയാനും തട്ടിപ്പുകാർക്ക് സിം ലഭ്യമാകുന്നത് ഇല്ലാതാക്കാനുമാണ് ഈ നീക്കം. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന ഇൻ്റർനാഷണൽ റോമിങ് സിം കാർഡുകൾക്കും വിദേശ നമ്പറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിൻ്റെ പരിഗണനയിലാണ്. ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ കേന്ദ്രം സുപ്രിം കോടതിയിൽ സമർപ്പിച്ചു.തട്ടിപ്പുകാർ പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ടുവരാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ടെലികോം സേവന ദാതാക്കളുമായും മെറ്റ പോലുള്ള കമ്പനികളുമായും ചർച്ചകൾ നടന്നു വരികയാണ്. വ്യാജ കോളുകളെ തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സംശയാസ്പദമായ അക്കൗണ്ടുകൾ വേഗത്തിൽ റദ്ദാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊലീസ്, സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വിഡിയോ കോളുകൾ ചെയ്ത് തട്ടിപ്പ് നടത്തുന്നത് ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നത് തടയാൻ ബാങ്ക് ഇടപാടുകളിലും മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ വലിയ ഇടപാടുകൾ നടക്കുമ്പോൾ ഇടപാട് തടഞ്ഞുവെക്കാനും ആ പണം തട്ടിപ്പുകാരിലേക്ക് എത്താതിരിക്കാനും ബാങ്കുകൾക്ക് അധികാരം നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുന്നത്. സൈബർ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയാണ് സുപ്രിം കോടതിയിൽ ഈ നിർദേശങ്ങൾ സമർപ്പിച്ചത്. പൊതുജനങ്ങൾക്ക് സൈബർ പരാതികൾ റിപ്പോർട്ട് ചെയ്യാൻ നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ അറിയിച്ചു.______________________

