Last Updated on 30 Apr 2026 • 5:35 AM by Openzone Online

ശാസ്താംകോട്ടയിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്.
സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ ഭീഷണി മുഴക്കിയത്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് എടുത്ത സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഭീഷണി. പെൺകുട്ടിയുടെ മാതാവിന്റെ ഫോണിൽ നിന്നാണ് ചിത്രങ്ങൾ സ്വന്തമായി പകർത്തിയതെന്നും തുടർന്ന് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

ചിത്രങ്ങൾ പ്രചരിക്കുന്നത് തടയാമെന്ന് പറഞ്ഞ് കുടുംബത്തോട് 15 പവൻ സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടതായും, ഇല്ലെങ്കിൽ കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഏറെ നാളായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രതിക്കെതിരെ വകുപ്പുതല നടപടികളും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

