Last Updated on 10 Apr 2026 • 3:23 PM by Openzone Online

2020 ഏപ്രിൽ 10… ലോകം മുഴുവൻ കോവിഡ് – 19 എന്ന മഹാമാരിയുടെ ഭീതിയിൽ വിറച്ചുനിന്നിരുന്ന കാലം. അതേ സമയം, ഇടുക്കിയുടെ ആരോഗ്യരംഗത്ത് ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുത്താണ് സജി തടത്തിൽ സഹകരണ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് എത്തുന്നത്. പിന്നീട് മൂന്നു വർഷത്തിനുശേഷം ഭരണസമിതി ഇദ്ദേഹത്തെ മാനേജിംഗ് ഡയറക്ടറായി പ്രമോഷൻ നൽകി. സഹകരണ ആശുപത്രിയുടെ സ്ഥാപകനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി വി വർഗീസ് നൽകിയ നിർദ്ദേശങ്ങളും പിന്തുണയും അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്. അന്ന് മൂന്നു സ്ഥാപനങ്ങൾ മാത്രമായിരുന്ന കട്ടപ്പന സഹകരണ ആശുപത്രി ശൃംഖല, ഇന്ന് 30 സ്ഥാപനങ്ങളായി വളർന്നിരിക്കുന്നത് ഒരു കൂട്ടായ്മയുടെ ശക്തിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

തങ്കമണിയിൽ നേഴ്സിങ് സ്കൂൾ, പാരാമെഡിക്കൽ കോളേജ് എന്നിവ ആരംഭിച്ചതും, ആരോഗ്യരംഗത്തെ പുതിയ സാധ്യതകൾ തുറന്നതും ഈ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഈ വളർച്ചയുടെ പിന്നിൽ സജി തടത്തിന്റെ ഭരണപരമായ കാര്യക്ഷമതയോടൊപ്പം, ഡയറക്ടർ ബോർഡിന്റെയും, പ്രത്യേകിച്ച് സി.വി. വർഗീസിന്റെ നേതൃത്വത്തിലുള്ള നിർദ്ദേശങ്ങളുടെയും വലിയ പങ്കുണ്ട്. വിവിധ സ്ഥലങ്ങളിൽ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും സ്ഥാപിച്ച് നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കാനും സഹകരണ ആശുപത്രിക്ക് കഴിഞ്ഞു.

ഇപ്പോൾ ജി എൻ എം നഴ്സിംഗ് കോഴ്സുകൾ ഉൾപ്പെടെ കൂടുതൽ വിദ്യാഭ്യാസ പദ്ധതികൾ സർക്കാർ സഹകരണത്തോടെ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, നീതി മെഡിക്കൽ സ്റ്റോറുകളും ലാബുകളും, പാലിയേറ്റീവ് കെയർ സെന്ററുകളും ഉൾപ്പെടെ ആരോഗ്യ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. രാത്രികാലങ്ങളിൽ പോലും ആവശ്യമായ മരുന്നുകൾ ലഭ്യമാകുന്ന സംവിധാനം, സാധാരണക്കാർക്ക് ഏറെ സഹായകരമാണ്. ഇന്ന് സഹകരണ ആശുപത്രിയിൽ 40-ത്തിലധികം ഡോക്ടർമാരും 250-ത്തിലധികം ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. വണ്ടിപ്പെരിയാർ, ചേറ്റുകുഴി, മേരികുളം, തങ്കമണി, ബഥേൽ, കട്ടപ്പന എന്നിവിടങ്ങളിലായി ആറ് ആശുപത്രികളായി ഈ പ്രസ്ഥാനം വളർന്നു.

6 വർഷങ്ങൾ പിന്നിടുമ്പോൾ, സജി തടത്തിൽ എന്ന അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനം സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഡയറക്ടർ ബോർഡ് പ്രസിഡൻ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മയുടെ വിജയകഥയാണെന്ന് പറയേണ്ടിവരും. സഹകരണത്തിന്റെ ശക്തിയും, കൂട്ടായ ശ്രമവും, സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയുമാണ് ഈ ആറ് വർഷങ്ങൾ നമ്മോട് പറയുന്ന ഏറ്റവും വലിയ സന്ദേശം.

