Last Updated on 10 Oct 2026 • 5:27 AM by Openzone Online

ലണ്ടൻ: ക്യാൻസർ ചികിത്സയ്ക്കിടെ നാക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട യുവഡോക്ടർക്ക് കൃത്രിമ നാക്ക് ഘടിപ്പിച്ച് സംസാരശേഷി വീണ്ടെടുക്കാൻ സഹായിച്ച് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്). ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലെ വിദഗ്ധ സംഘമാണ് ഈ നേട്ടം കൈവരിച്ചത്.
ന്യൂഹാം സ്വദേശിയായ ഡോ. ഇമോജൻ ബ്രൂക്‌സിന് 26-ാം വയസ്സിലാണ് നാക്കിനെ ബാധിക്കുന്ന സ്ക്വാമസ് സെൽ കാർസിനോമ എന്ന ക്യാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി നാക്കിന്റെ ഭൂരിഭാഗവും നീക്കം ചെയ്തതോടെ സംസാരശേഷിക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിട്ടു.തുടർന്ന്, കീഴ്ത്താടിയിലെ പല്ലുകളിൽ ഉറപ്പിക്കാവുന്ന മെറ്റൽ ഫ്രെയിമും അതിനുമുകളിൽ സിലിക്കൺ നാക്കും ഉപയോഗിച്ചാണ് കൃത്രിമ അവയവം വികസിപ്പിച്ചത്.

മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സംസാരത്തിൽ പുരോഗതിയുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളിൽ കൃത്രിമ നാക്കുമായി പൊരുത്തപ്പെടാനും ഡോക്ടർക്ക് സാധിച്ചു.കൃത്രിമ നാക്കിന്റെ സഹായത്തോടെ വ്യക്തമായി സംസാരിക്കാൻ കഴിയുന്നത് തന്റെ വ്യക്തിജീവിതത്തിലും തൊഴിൽരംഗത്തും വലിയ മാറ്റമുണ്ടാക്കിയെന്ന് ഇമോജൻ വ്യക്തമാക്കി. നാക്ക് നഷ്ടപ്പെട്ട രോഗികളുടെ പുനരധിവാസത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടം.


