Last Updated on 01 Oct 2026 • 3:27 AM by Openzone Online

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റവും ചികിത്സാ നടപടികളിലെ വീഴ്ചകളും സംബന്ധിച്ച് വീണ്ടും പരാതി. 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതിക്ക് പിന്നാലെയാണ് അഞ്ചരവയസ്സുകാരിക്ക് അടിയന്തരമായി നടത്തേണ്ടിയിരുന്ന സ്കാനിങ് വൈകിപ്പിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇടുക്കി തടിയമ്പാട് സ്വദേശി മടത്തികണ്ടത്തിൽ അരുൺ ചാക്കോയുടെ മകൾക്കാണ് സ്കാനിങ് നടത്തുന്നതുമായി ബന്ധപ്പെട്ട് ദുരനുഭവമുണ്ടായതെന്നാണ് കുടുംബത്തിന്റെ പരാതി. നാലഞ്ച് ദിവസമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന കുട്ടിയുടെ രോഗകാരണം കൃത്യമായി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച ഡോക്ടർ അടിയന്തരമായി സ്കാനിങ് നടത്താൻ നിർദേശിച്ചതെന്ന് പിതാവ് പറയുന്നു.

എന്നാൽ സ്കാനിങ് ശനിയാഴ്ച മാത്രമേ നടത്താൻ കഴിയൂ എന്ന് പറഞ്ഞ് കുട്ടിയെയും മുത്തശ്ശിയെയും ജീവനക്കാർ തിരിച്ചയക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. തുടർന്ന് കുടുംബം ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് പരാതി അറിയിച്ചതോടെയാണ് കുട്ടിയെ സ്കാനിങ്ങിനായി പ്രവേശിപ്പിക്കാൻ തയ്യാറായതെന്നും അരുൺ ചാക്കോ പറയുന്നു.
പരാതി ഉന്നയിച്ചതിനെ തുടർന്ന് ജീവനക്കാർ കുടുംബത്തോട് കയർത്തു സംസാരിച്ചെന്നും ‘ജോലി കളയിക്കാനാണോ പരാതി നൽകിയത്’ എന്ന് ചോദിച്ചതായും കുട്ടിയുടെ പിതാവ് ആരോപിച്ചു.സ്കാനിങ് നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിലവിൽ അവിടെ ചികിത്സയിലാണ്.
നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതി ഇതിനകം വിവാദമായിരിക്കെയാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നുതന്നെ മറ്റൊരു കുടുംബം ചികിത്സാ നടപടികളെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.

