OpenZone Banner

Last Updated on 19 May 2026 • 8:48 AM by Openzone Online

Advertisement

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി വെന്തുമരിച്ച സംഭവം ക്രൂരമായ ആസൂത്രിത കൊലപാതകമാണെന്ന സംശയങ്ങള്‍ ശക്തമാകുന്നു. ഇരുപത്തിനാലുകാരിയായ സോനയെ കാറിനുള്ളിലിട്ട് പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചതാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ദുരൂഹമായിരിക്കുന്നത്.

അപകടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും സ്‌ഫോടനം മനുഷ്യനിര്‍മ്മിതമാണെന്നുമാണ് സോനയുടെ ബന്ധുക്കള്‍ ഉറച്ചുപറയുന്നത്. കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നതായും ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന് തെളിവുകളുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

എന്നാല്‍ ആ സ്ത്രീ സോന തന്നെയായിരുന്നോ, മറ്റാരെങ്കിലുമോ എന്നതാണ് ഇപ്പോള്‍ അന്വേഷണത്തിലെ പ്രധാന ചോദ്യമായി മാറിയിരിക്കുന്നത്.ഒരു സാധ്യതയായി പോലീസ് പരിശോധിക്കുന്നത്, സോനയെ ഉപയോഗിച്ച് തന്നെ പെട്രോള്‍ വാങ്ങിപ്പിച്ച് പിന്നീട് അത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചോ എന്ന കാര്യമാണ്. അങ്ങനെ ആണെങ്കില്‍ ഇത് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാകാമെന്ന സംശയം ശക്തമാകുന്നു.

അതേസമയം മറ്റൊരു സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ദീര്‍ഘകാല കുടുംബപ്രശ്‌നങ്ങളുടെയും മാനസിക പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ സോന തന്നെ പെട്രോള്‍ വാങ്ങി, ഭര്‍ത്താവായ രജിന്‍ ലാലിനെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ആത്മഹത്യാശ്രമം നടത്തിയതാകാമെന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്നാമത്തെ ദുരൂഹ സാധ്യതയായി ഉയര്‍ന്നുവരുന്നത്, രജിന്‍ ലാലിന് വേണ്ടി മറ്റേതെങ്കിലും സ്ത്രീ പെട്രോള്‍ വാങ്ങിയതാകാമെന്ന സംശയമാണ്. ഈ വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഓരോ വിവരങ്ങളും പുറത്തുവരുന്നത്.

ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകളില്‍ വാഹനത്തിന് യാതൊരു യാന്ത്രിക തകരാറുകളും ഇല്ലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കാറിന്റെ എന്‍ജിന്‍, വയറിങ്, ഇന്ധന ടാങ്ക് എന്നിവയ്ക്ക് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും തീപിടിത്തം ഉണ്ടായത് സോന ഇരുന്ന സീറ്റിന്റെ ഭാഗത്തുനിന്നാണെന്നുമാണ് കണ്ടെത്തല്‍.

പെട്രോള്‍ പോലുള്ള തീപിടിക്കുന്ന ദ്രാവകം അകത്ത് ഒഴിച്ചതുകൊണ്ടുമാത്രമാണ് ഇത്തരമൊരു തീപിടിത്തമുണ്ടാകാന്‍ സാധ്യതയെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.മൂന്ന് വര്‍ഷം മുന്‍പായിരുന്നു സോനയും രജിന്‍ ലാലും തമ്മിലുള്ള വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേര്‍പിരിഞ്ഞെങ്കിലും കുടുംബങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ഒന്നിച്ച് വിവാഹിതരാവുകയായിരുന്നു. വിദേശത്തായിരുന്ന രജിന്‍ ലാല്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. അതിനുശേഷം സോനയെ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്നും വീട്ടുകാരുമായി പോലും ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

അപകടം നടന്ന ദിവസം കാറിന് തീപിടിച്ചപ്പോള്‍ സോനയെ രക്ഷിക്കാന്‍ ശ്രമിക്കാതെ രജിന്‍ ലാല്‍ സമീപത്തെ തോട്ടിലേക്ക് ചാടിയതും നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇയാളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കാറിനുള്ളില്‍ സോനയുണ്ടെന്ന് പോലും മനസ്സിലാക്കിയത്.നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജിന്‍ ലാലിനെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവരുന്നതും കൂടിയാകുമ്പോഴേ ഈ ദുരൂഹ മരണത്തിന്റെ യഥാര്‍ത്ഥ സത്യം പുറത്തുവരൂ എന്നാണിപ്പോള്‍ അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed