Last Updated on 24 Nov 2026 • 7:07 AM by Openzone Online

Advertisement

ചെറുതോണി: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ പ്രവർത്തനം നിലച്ചതിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ നവംബർ 30ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

രാവിലെ 11ന് നടക്കുന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി സ. സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. ആദിവാസി ക്ഷേമസമിതി ഭാരവാഹികളാണ് ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സമരപരിപാടി പ്രഖ്യാപിച്ചത്.ആവശ്യമായ ജനറൽ പർപ്പസ് ഫണ്ട് അനുവദിക്കാത്തതിനാൽ പഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഭാരവാഹികൾ ആരോപിച്ചു.

നിലവിൽ ശമ്പളവും ഓണറേറിയവും ഉൾപ്പെടെയുള്ള ചെലവുകൾക്കായി പ്രതിമാസം ആറു ലക്ഷത്തോളം രൂപ ആവശ്യമായിരിക്കെ സർക്കാർ അനുവദിക്കുന്നത് ആകെ 87,000 രൂപ മാത്രമാണെന്നാണ് ഇവരുടെ ആരോപണം.തനത് വരുമാനം കുറവുള്ള പഞ്ചായത്തെന്ന നിലയിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 10 മുതൽ 15 ലക്ഷം രൂപ വരെ ജനറൽ പർപ്പസ് ഫണ്ടായി അനുവദിച്ചിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. 656 വീടുകളിലായി താമസിക്കുന്ന 2,400ഓളം ജനങ്ങൾക്ക് സേവനം നൽകുന്നതിനായി 2010 നവംബർ ഒന്നിന് സ്ഥാപിതമായ പഞ്ചായത്തിന് കഴിഞ്ഞ ആറു മാസമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

പഞ്ചായത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ആദിവാസി സമൂഹത്തിന് ലഭിക്കേണ്ട സേവനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് കെ.യു. വിനു, കെ.എ. ബാബു, എം.ആർ. ദീപു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed