Last Updated on 23 Nov 2026 • 1:05 PM by Openzone Online

Advertisement

കൊച്ചി/ചെറുതോണി: കുട്ടികൾക്ക് ആത്മരക്ഷയുടെ പാഠങ്ങൾ പകർന്നുനൽകേണ്ട പരിശീലകൻ തന്നെ പോക്സോ കേസിൽ അറസ്റ്റിലായതോടെ ആയോധനകലാ പരിശീലന കേന്ദ്രങ്ങളിലെയും സ്കൂളുകളിലെയും സുരക്ഷാ സംവിധാനങ്ങൾ വീണ്ടും ചർച്ചയാകുന്നു. തയ്ക്വാൻഡോ പരിശീലനത്തിനെത്തിയ 14 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇടുക്കി ഉപ്പുതോട് വിമലഗിരി പുന്നക്കാട്ടിൽ പോൾ ജോർജ് (48) ആണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

ജവഹർ കോളനി റോഡിലെ വാടകക്കെട്ടിടത്തിൽ ഇയാൾ നടത്തിയിരുന്ന പരിശീലന കേന്ദ്രത്തിൽ പത്തുദിവസം മുമ്പാണ് പരാതിക്കിടയാക്കിയ സംഭവമെന്നാണ് വിവരം. പരിശീലനത്തിനെത്തിയ വിദ്യാർഥിനിയുടെ കാലിൽ തടവുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ഇടുക്കിയിൽനിന്ന് വെള്ളിയാഴ്ച രാത്രി എറണാകുളം പൊലീസ് രഹസ്യനീക്കത്തിലൂടെ പിടികൂടുകയായിരുന്നു. എന്നാൽ പുതിയ കേസിൽ അറസ്റ്റ് നടന്നതോടെ പുറത്തുവരുന്ന വിവരങ്ങൾ കൂടുതൽ ഗൗരവകരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

( കട്ടപ്പന പോലീസ് രജിസ്റ്റർ ചെയ്ത ഇയാൾക്കെതിരെയുള്ള കേസിന്റെ ഡീറ്റെയിൽസ് )

2021ൽ കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആ കേസ് പിന്നീട് ഒത്തുതീർപ്പായെന്നാണ് ആരോപണം. അന്ന് വിദ്യാർഥിനിയെ ആലിംഗനം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണമെന്നാണ് പറയപ്പെടുന്നത്.

ഈ മുൻകാല സംഭവത്തിന്റെ കേസ് രേഖകളും തുടർനടപടികളും പരിശോധിക്കേണ്ടതുണ്ട്.തയ്ക്വാൻഡോ അസോസിയേഷനിൽനിന്ന് അഞ്ചുവർഷം മുമ്പ് ഇയാളെ പുറത്താക്കിയിരുന്നുവെന്നും തുടർന്ന് സ്വന്തമായി മറ്റൊരു അസോസിയേഷൻ രൂപീകരിച്ച് പരിശീലന പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ അസോസിയേഷന്റെ പരിപാടികളിലേക്ക് ക്ഷണിച്ചിരുന്നതായും പറയുന്നു. ആയോധനകലയിൽ പി.എച്ച്.ഡി ഉണ്ടെന്ന അവകാശവാദവും പേരിനൊപ്പം ഡോക്ടർ എന്ന് ചേർത്തുള്ള പ്രചാരണവും ഇയാൾ നടത്തിയിരുന്നു.

എന്നാൽ ഇത്തരം അക്കാദമിക് യോഗ്യതകളുടെയും പരിശീലന സർട്ടിഫിക്കറ്റുകളുടെയും ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ഇയാൾ പിന്നീട് മൂന്ന് സ്കൂളുകളിൽ പരിശീലകനായി പ്രവർത്തിച്ചിരുന്നുവെന്നും തയ്ക്വാൻഡോ അസോസിയേഷൻ ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

അങ്ങനെയെങ്കിൽ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ഇയാൾക്ക് കുട്ടികളെ പരിശീലിപ്പിക്കാൻ അവസരം നൽകിയതെന്തിനെന്ന ചോദ്യം സ്കൂൾ മാനേജ്മെന്റുകൾക്ക് നേരെ ഉയരുകയാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് ഇയാളുടെ പരിശീലനത്തിന് വിധേയരായ കുട്ടികളുടെ സുരക്ഷയാണ്.

ഇയാൾ പരിശീലനം നൽകിയിട്ടുള്ള സ്കൂളുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും വിദ്യാർഥിനികളെ വിദഗ്ധ കൗൺസിലിങ്ങിന് വിധേയമാക്കുകയും പരാതികളോ അസ്വാഭാവിക അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് രഹസ്യമായി പരിശോധിക്കുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു.

കുട്ടികൾക്ക് നേരിട്ടേക്കാവുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ചെറുതോണി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡോക്ടർ എന്ന വിശേഷണത്തോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ഇയാൾ സ്വയം പ്രചരിപ്പിച്ചിരുന്നതായും വിവരമുണ്ട്.

കുങ്ഫു പരിശീലകനായി പ്രവർത്തിച്ചിരുന്ന ഇയാൾ യൂട്യൂബ് നോക്കിയാണ് പല ടെക്നിക്കുകളും പഠിച്ചിരുന്നത്. ഇത് പലപ്പോഴും പരാജയപ്പെട്ട സാഹചര്യത്തിൽ പിന്നീട് തയ്ക്വാൻഡോ പരിശീലനത്തിലേക്ക് മാറിയതായും പരിശീലന യോഗ്യതകളെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിവായിരുന്നതായും ആരോപണങ്ങളുണ്ട്.

(പ്രമുഖ മാധ്യമങ്ങളിൽ വന്ന പോൾ ജോർജിൻ്റെ അറസ്റ്റിനെ സംബന്ധിച്ചുള്ള വാർത്ത)

സർക്കാർ ജോലി ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങൾ നൽകി ആളുകളെ പരിശീലനത്തിലേക്ക് ആകർഷിച്ചിരുന്നുവെന്ന ആരോപണവും പരിശോധിക്കപ്പെടേണ്ടതാണ്.പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇയാളുടെ ശിഷ്യന്മാർ ആയിരുന്നു. ഇത് മനസ്സിലാക്കിയ എറണാകുളം പോലീസ് ഇടുക്കി പൊലീസിനെ അറിയിക്കാതെ ആണ് രഹസ്യനീക്കം നടത്തിയത്.

ആത്മരക്ഷയുടെ പേരിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശീലകരുടെ യോഗ്യതയും പശ്ചാത്തലവും പരിശോധിക്കേണ്ട ഉത്തരവാദിത്തം ആർക്കാണ്? മുൻകാല പരാതികളോ മുന്നറിയിപ്പുകളോ ഉണ്ടായിരുന്നെങ്കിൽ അവഗണിച്ചതാര്? ഇത്തരം കേന്ദ്രങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എന്ത് സംവിധാനമാണുള്ളത്?

(തായ്‌ക്കൊണ്ടോ അസോസിയേഷൻ പോൾ ജോർജിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തുകൊണ്ടുള്ള ലെറ്റർ)

ഒരു പരിശീലകന്റെ അറസ്റ്റിൽ മാത്രം അവസാനിക്കേണ്ട വിഷയമല്ല ഇത്. ഇയാൾ പരിശീലനം നൽകിയ സ്ഥാപനങ്ങൾ, യോഗ്യതകൾ, മുൻകാല പരാതികൾ, കുട്ടികളുടെ സുരക്ഷ എന്നിവയെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയിട്ടും വീണ്ടും പല മാതാപിതാക്കളും കുട്ടികളെ ഇയാളുടെ അടുത്തേക്ക് അയച്ചതും വിമർശനത്തിന് കാരണമാകുന്നു.

കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കേണ്ട ഇടങ്ങൾ തന്നെ അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed