Last Updated on 24 Nov 2026 • 7:39 AM by Openzone Online

Advertisement

അടിമാലി: തൊക്കുപാറ ശങ്കുപ്പടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം അടിമാലി പഞ്ചായത്തിന്റെ സഹായത്തോടെ പോലീസ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും തയ്യാറാകാത്തതിനെ തുടർന്നാണ് സംസ്കാരം നടത്തിയത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ മരിച്ചതായും പൂർണ ഗർഭകാലം പൂർത്തിയാകുന്നതിന് മുമ്പാണ് പ്രസവം നടന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളത്തൂവൽ സൗഹൃദഗിരി സ്വദേശിനിയായ അവിവാഹിത യുവതിയാണ് കുഞ്ഞിന്റെ അമ്മ.

വിവിധ സ്ഥലങ്ങളിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു യുവതി. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ആദ്യം ആർത്തവസംബന്ധമായ രക്തസ്രാവമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പരിശോധനയിൽ പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവമാണെന്ന് ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് യുവതിയുടെ താമസസ്ഥലത്തെക്കുറിച്ച് വിവരം ശേഖരിച്ച ആശുപത്രി അധികൃതർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹം പുഴുവരിച്ച അവസ്ഥയിലായിരുന്നു.

സംഭവത്തിൽ തുടർനടപടികൾക്കായി യുവതിയുടെ മൊഴിയും മറ്റ് വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. നിലവിൽ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആശുപത്രി വിട്ടശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നാണ് വിവരം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed