Last Updated on 02 Oct 2026 • 8:12 AM by Openzone Online

ന്യൂഡൽഹി: കോക്ക്പിറ്റിൽ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടിയ ഫ്ലൈദുബൈ ക്യാപ്റ്റൻ സ്മിത് മച്ചാർ തന്റെ ഭീതിജനകമായ അനുഭവങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവെച്ചു.
വെള്ളിയാഴ്ച വീഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി പൈലറ്റുമായി സംസാരിച്ചത്. ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ഒമാൻ സ്വദേശിയായ കോ-പൈലറ്റ് സ്മിത് മച്ചാറിനെ കത്തികൊണ്ട് ആക്രമിച്ചെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്തിന് കോക്ക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കി. വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും സുരക്ഷിതരായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സ്മിത് മച്ചാർ പ്രധാനമന്ത്രിയോട് ആ നിമിഷങ്ങൾ വിവരിച്ചത്.
ശരീരമാസകലം ഗുരുതര മുറിവുകളോടെ കോക്ക്പിറ്റിൽ വീണുകിടക്കുമ്പോഴും, താൻ പൊരുതിയില്ലെങ്കിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.“യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാനാവില്ലായിരുന്നു” എന്നായിരുന്നു ആ നിർണായക നിമിഷത്തെക്കുറിച്ചുള്ള സ്മിത്തിന്റെ പ്രതികരണം.
പ്രതിസന്ധിക്കിടെ തനിക്ക് ആത്മധൈര്യം നൽകിയത് ഹനുമാൻ ചാലിസ ചൊല്ലിയതാണെന്നും സ്മിത് പ്രധാനമന്ത്രിയോട് പറഞ്ഞു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് പതിവാണെന്നും ആക്രമണത്തിനിടയിലും അത് തുടർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭാഷണത്തിനിടെ സ്മിത് വികാരഭരിതനായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ധൈര്യത്തെയും പ്രതിസന്ധിയിലെ സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച മനോധൈര്യം വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ യുഎഇയിൽ ചികിത്സയിൽ കഴിയുകയാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

