Last Updated on 23 Oct 2026 • 12:28 PM by Openzone Online

തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ മേഖലയ്ക്ക് സമീപം അനധികൃത മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടെന്ന പരാതിയിൽ ഇടപെട്ട് ജില്ലാ കളക്ടർ. പൊതു അവധി ദിവസങ്ങളുടെ മറവിൽ വൻതോതിൽ മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജിയോളജിസ്റ്റിനും തൊടുപുഴ തഹസിൽദാർക്കും നിർദേശം നൽകി.

ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുണ്ടോയെന്നും മേഖലയിൽ ദുരന്തസാധ്യത വർധിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കാനാണ് നിർദേശം. ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തണം. അനുമതിയില്ലാതെയാണ് മണ്ണെടുപ്പും ഖനനവും നടത്തിയതെന്ന് കണ്ടെത്തിയാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
അനുമതിയില്ലാതെ ഭൂമി തരംമാറ്റുകയോ ഖനനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥലമുടമയ്ക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. പരിശോധനയിൽ കണ്ടെത്തുന്ന വിവരങ്ങളും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ മണ്ണെടുപ്പും ഖനനവും ദുരന്തസാധ്യത വർധിപ്പിക്കുന്നുണ്ടോയെന്നത് പരിശോധനാ റിപ്പോർട്ടിലൂടെ വ്യക്തമാകും.

