Last Updated on 20 Oct 2026 • 4:34 PM by Openzone Online

തിരുവനന്തപുരം: പുള്ളിമാന്റെ തോൽ കൈവശം വെച്ച കേസിൽ രണ്ട് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് കാരാളി പാലം സ്വദേശി ജിത്തു എന്ന വിളിപ്പേരുള്ള ഗോകുൽ (31), വെങ്ങാനൂർ അനന്തുഭവനിൽ അനന്തു (23) എന്നിവരാണ് പിടിയിലായത്.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. ഇരുവരെയും നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജഗതിയിലെ ഒരു വീട്ടിൽനിന്ന് വീട്ടുസാധനങ്ങൾ മാറ്റാൻ പോയപ്പോഴാണ് അവിടെ മാൻതോൽ കണ്ടതെന്നാണ് പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. തുടർന്ന് തോൽ എടുത്ത് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ വനംവകുപ്പ് അന്വേഷണം തുടരുകയാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചത്.

