Last Updated on 17 Sep 2026 • 9:28 AM by Openzone Online

ചെറുതോണി: ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും വിവിധ ആവശ്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ഭിന്നശേഷി–വയോജന സംയുക്ത ഗ്രാമസഭ തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ടൂർ പരിപാടികൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു.വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മാനസിക ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകൾക്കും അവസരമൊരുക്കുന്ന ‘തെറാപ്പി ഗാർഡൻ’ പദ്ധതിയും ഗ്രാമസഭയിൽ അവതരിപ്പിച്ചു.
വൈകുന്നേരം 4 മുതൽ 5 വരെ സമയം ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ പൂന്തോട്ടം ഒരുക്കി, വയോജനങ്ങളും ഭിന്നശേഷിക്കാരും ഒരുമിച്ച് ചെടികൾ നട്ടുപരിപാലിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാനസിക ഉല്ലാസത്തിനും കൂട്ടായ പ്രവർത്തനത്തിനും പ്രാധാന്യം നൽകുന്ന നൂതന പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി തകരപ്പള്ളി, വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, വാർഡ് മെമ്പർമാരായ സാലി ബാബു, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, കലേഷ് സി.ജി, രാജു ജോസഫ്, വനിതാ ശിശുവികസന വകുപ്പ് സൂപ്പർവൈസർ അലോഷ്യ ജോസഫ്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഗ്രാമസഭയിൽ പങ്കെടുത്തു.

